ഇടത് സഖ്യത്തിന്റെ അവിശ്വാസ പ്രമേയത്തിന് തീവ്ര വലതിന്റെ പിന്തുണ, ഫ്രാൻസിൽ പ്രധാനമന്ത്രി പുറത്ത്, ഭരണ പ്രതിസന്ധി
പാരീസ്: 1962ന് ശേഷം ആദ്യമായി ഫ്രാൻസിൽ അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് സർക്കാർ. ഫ്രാൻസിനെ ഗുരുതര ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് അവിശ്വാസ പ്രമേയം പാസായി. ഇടതുപക്ഷ പാർട്ടികൾ കൊണ്ടുവന്ന പ്രമേയത്തെ തീവ്ര വലതുപക്ഷ നാഷനൽ റാലി പിന്തുണച്ചതോടെ പ്രധാനമന്ത്രി പുറത്തായി. ഇതോടെ വെറും മൂന്ന് മാസത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താവുന്ന പ്രധാനമന്ത്രിയായി മൈക്കൽ ബാർനിയർ. ഇമ്മാനുവൽ മക്രോൺ പ്രധാനമന്ത്രി പദത്തിലേക്ക് നിയമിച്ചതിന് മൂന്ന് മാസങ്ങൾക്കുള്ളിലാണ് ബാർനിയർ പുറത്തായത്.
തെരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന് കൃത്യമായ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യമായിരുന്നു ഫ്രാൻസിലുണ്ടായിരുന്നത്. അവിശ്വാസ പ്രമേയം പാസാകാൻ വെറും 288 വോട്ടുകൾ ആവശ്യമായിരുന്ന സാഹചര്യത്തിൽ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത് 331 വോട്ടുകളായിരുന്നു. 574 അംഗ പാർലമെന്റിൽ 331 പേർ സർക്കാരിനെതിരെ വോട്ടു ചെയ്തു.
നിലവിലെ സാഹചര്യത്തിൽ രാജി വയ്ക്കുക അല്ലാതെ ബാർനിയറിന് മുന്നിൽ മറ്റ് മാർഗങ്ങളില്ല. എന്നാൽ പ്രസിഡന്റ് പുതിയ പ്രധാനമന്ത്രിയെ നിയമിക്കും വരെ കാവൽ പ്രധാനമന്ത്രിയായി ബാർനിയർ തുടരേണ്ടി വരും. ബാർനിയർ കൊണ്ടുവന്ന സാമൂഹിക സുരക്ഷ പരിഷ്കാരങ്ങളാണ് അവിശ്വാസ പ്രമേയത്തിന് കാരണമായത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം സീറ്റുകൾ നേടിയ ഇടത് സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് നേരത്തെ തന്നെ ബാർനിയിനെ പ്രധാനമന്ത്രിയായ നിയമിച്ചതിന് എതിരായിരുന്നു. ഇടത് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തള്ളിയായിരുന്നു ബാർനിയറെ ഇമ്മാനുവൽ മക്രോൺ നിയമിച്ചത്. ബജറ്റ് കമ്മി ഒഴിവാക്കാനായി ബാർനിയർ അവതരിപ്പിച്ച നയങ്ങൾ വലത് പക്ഷത്തിന്റെ എതിർപ്പിനും കാരണമായിരുന്നു. ഫ്രഞ്ചുകാർക്ക് അപകടകരമെന്നാണ് ബാർനിയറുടെ ബഡ്ജറ്റിനേക്കുറിച്ച് തീവ്രവലതുപക്ഷ നേതാവ് മരീൻ ലീ പെൻ പ്രതികരിച്ചത്.
തീവ്ര വലതുപക്ഷ നാഷനൽ റാലി (ആർഎൻ) പിന്തുണയോടെ കഴിഞ്ഞ സെപ്റ്റംബറിലാണ് ബാർന്യോ പ്രധാനമന്ത്രിയായത്. 1962നു ശേഷം ഫ്രാൻസിൽ ആദ്യമായാണ് ഒരു സർക്കാർ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത്. ആധുനിക ഫ്രാൻസിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായാണ് ബാർനിയർ 73ാം വയസിൽ അധികാരമേറ്റത്. എന്നാൽ അവിശ്വാസ പ്രമേയം പാസായതോടെ അധികാരമേറ്റ് 3 മാസത്തിനകം രാജിവയ്ക്കേണ്ടി വന്നതോടെ രാജ്യത്ത് ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി കൂടിയായി ബാർനിയർ.