പാരിസ്: യുഎഇയില്‍ നിന്ന് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം യാത്രാമദ്ധ്യേ തടഞ്ഞുവെച്ച് ഫ്രാൻസ്. മനുഷ്യക്കടത്ത് സംബന്ധിച്ച സംശയത്തെ തുടർന്നാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലെ യാത്രക്കാരായ ഇന്ത്യക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് സംശയിക്കുന്നതായും പാരിസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു.
ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടേതാണ് ചാർട്ടേഡ് വിമാനം. യുഎഇയിൽ നിന്ന് പുറപ്പെട്ട് നിക്കരാഗുവയിലേക്ക് പറക്കുകയായിരുന്നു എ-340 വിഭാഗത്തില്‍പെട്ട ഈ വിമാനം. ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയപ്പോൾ ആണ് വിമാനം ഫ്രാന്‍സ് അധികൃതര്‍ തടഞ്ഞുവെച്ചത്.
അമേരിക്കയിലോ കാനഡയിലോ എത്തിക്കാമെന്ന വാക്ക് വിശ്വസിച്ചു പുറപ്പെട്ടവർ ആകാമെന്ന് സംശയം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും യാത്രക്കാരെ ചോദ്യം ചെയ്യുന്നുവെന്നും ഫ്രാൻസ് അറിയിച്ചിട്ടുണ്ട്. നാഷണല്‍ ആന്റി ഓര്‍ഗനൈസ്‍ഡ് ക്രൈം യൂണിറ്റ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.