KeralaNews

ഐബോർഡ് പരിശോധനയിൽ നാലാം സിഗ്നൽ; ട്രക്ക് കിടക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്തി

ഷിരൂർ: കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ 11-ാം ദിവസവും പുരോഗമിക്കുകയാണ്. നദിയിൽ ഐബോർഡ് ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ നാലാമത് ഒരു സിഗ്നൽ കൂടി ലഭിച്ചിരിക്കുകയാണ്.

സ്വകാര്യ കമ്പനിയുടെ സാങ്കേതിക സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയിലാണ് പുതിയ സിഗ്നൽ ലഭിച്ചത്. ഗംഗാവലി നദിയുടെ ഏറ്റവും മദ്ധ്യത്തിലായി രൂപപ്പെട്ടിരിക്കുന്ന മൺകൂനയുമായി ചേർന്നാണ് സിഗ്നൽ ലഭിച്ചത്. അത് തീർച്ചയായും ട്രക്കിന്റേത് തന്നെയാകാം എന്നാണ് സ്വകാര്യ കമ്പനി അറിയിക്കുന്നത്. ബോട്ടിൽ പ്രത്യേക ക്യാമറകൾ സജ്ജീകരിച്ചും ഡ്രോൺ പറത്തിയും ഇന്ന് പരിശോധനകൾ നടത്തിയിരുന്നു.

ഇന്നലെ നടത്തിയ പരിശോധനയിൽ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നദിയിൽ നിന്നും 60 മീറ്റർ അകലെയാണ്, ട്രക്ക് വേർപെട്ട് പോയിട്ടില്ല, അഞ്ച് മീറ്റർ താഴ്‌ചയിലാണ് ഉള്ളത് എന്ന വിവരമായിരുന്നു ലഭിച്ചിരുന്നത്. കനത്ത മഴയുള്ളതിനാൽ പരിശോധന വൈകിട്ടോടെ അവസാനിപ്പിച്ചിരുന്നു. നാവികസേന, കരസേന, എൻഡിആർഎഫ് എന്നിവർ ചേർന്നാണ് ബോട്ടിൽ പോയി ആഴത്തിലുള്ള പരിശോധന നടത്തിയത്.

നേവിയുടെയും ആർമിയുടെയും ഐബോഡ് സംഘത്തിന്റെയും സംയുക്ത തെരച്ചിലിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ ഇനിയെന്ത് വേണം എന്നതിൽ നിർണായക യോഗം ഇന്ന് നടക്കും. ദൗത്യസംഘ പ്രതിനിധികളും ഉദ്യോഗസ്ഥസംഘവുമാണ് യോഗം ചേരുന്നത്. കനത്ത മഴ തുടരുന്നതിനാൽ ഈ ദിവസങ്ങളിൽ ദൗത്യം പ്രായോഗികമല്ലെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ദൗത്യസംഘത്തിന്റെ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം കേരളത്തിൽ നിന്നെത്തുന്ന മന്ത്രിതല സംഘത്തെ കർണാടക അറിയിക്കും.

ബൂം എസ്കവേറ്റർ പരിശോധനയിൽ ചായക്കടയുടെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രിതൊട്ട് കനത്ത മഴയും കാറ്റുമാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ടാണ്. ഐ​ബോ​ഡ് ​ഡ്രോ​ൺ​ ​പ​രി​ശോ​ധ​ന​ ​ഇ​ന്ന​ലെ​ ​വൈ​കു​വോ​ളം​ ​തു​ട​ർ​ന്നിരുന്നു.​ ​എന്നാൽ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker