കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കിളികൊല്ലൂര്‍ എസ്.എച്ച്.ഒ. വിനോദ്, എസ്.ഐ. അനീഷ്, ഗ്രേഡ് എസ്.ഐ. പ്രകാശ് ചന്ദ്രന്‍, സി.പി.ഒ. മണികണ്ഠന്‍പിള്ള എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച് ദക്ഷിണമേഖലാ ഐ.ജി. പി. പ്രകാശ് ഉത്തരവിറക്കി.
യുവാക്കളെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവം വിവാദമായതോടെ നാല് പോലീസുകാരെയും നേരത്തെ സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ സേനയ്ക്ക് തന്നെ നാണക്കേടായ സംഭവത്തില്‍ ഈ നടപടി പോരെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. കിളികൊല്ലൂര്‍ സംഭവത്തില്‍ ഭരണ-പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് നാല് പോലീസുകാരെയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവിറക്കിയത്.
സൈനികനായ വിഷ്ണു, സഹോദരന്‍ വിഘ്‌നേഷ് എന്നിവരെയാണ് കിളികൊല്ലൂര്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്.കിളികൊല്ലൂർ സ്റ്റേഷനിൽ എം ഡി എം എ യുമായി നാലുപേർ പിടിയിലായിരുന്നു. ഇതിൽ ഒരാളെ ജാമ്യത്തിലിറക്കാനായി, ഒരു പൊലീസുകാരൻ പ്രാദേശിക ഡി വൈ എഫ് ഐ നേതാവായ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
മയക്കുമരുന്ന് കേസാണെന്ന് വിഘ്‌നേഷ് അപ്പോഴാണ് അറിഞ്ഞത്. തുടർന്ന് ജാമ്യംനിൽക്കാൻ തയ്യാറായില്ല. ഇതോടെ വിഘ്‌നേഷും പൊലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. സഹോദരൻ സ്‌റ്റേഷനിലേക്ക് പോയ വിവരമറിഞ്ഞാണ് വിഷ്‌ണു അവിടേക്ക് എത്തിയത്. രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനകത്ത് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. എം.ഡി.എം.എ. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പോലീസുകാരെ ആക്രമിച്ചെന്നുമായിരുന്നു കിളികൊല്ലൂര്‍ പോലീസിന്റെ ഭാഷ്യം. തുടര്‍ന്ന് 12 ദിവസം ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പോലീസിന്റെ വിശദീകരണം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. വിവാഹത്തിനായിട്ടായിരുന്നു വിഷ്‌ണു നാട്ടിലെത്തിയത്പിന്നീട് വിഷ്ണുവും വിഘ്‌നേഷും പോലീസില്‍നിന്നുണ്ടായ ക്രൂരമര്‍ദനത്തെക്കുറിച്ച് മജിസ്‌ട്രേറ്റിന് മൊഴിനല്‍കി. ഇതോടെയാണ് പോലീസ് സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയത്.