കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ യുവതിയുടെ ജീവനെടുത്ത കടുവയെ വെടിവെച്ചുകൊല്ലുമെന്ന് കുടുംബത്തിന് ഉറപ്പുനൽകി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കൊല്ലപ്പെട്ട രാധയുടെ മകന് താത്കാലിക സർക്കാർ ജോലിയുടെ നിയമന ഉത്തരവും മന്ത്രി കൈമാറി. ശക്തമായ ജനരോഷത്തിനിടയിലും കനത്ത പോലീസ് സുരക്ഷയിൽ രാധയുടെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി നിയമന ഉത്തരവ് കൈമാറിയത്.
സമരത്തെ തള്ളിപ്പറയില്ലെന്നും രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. യു.ഡി.എഫിൻ്റെ യാത്ര രാഷ്ട്രീയ പ്രേരിതമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശവും അതു തന്നെയാണ്. നിയമോപദേശവും സാങ്കേതികതകളും പരിശോധിച്ച ശേഷമാണ് ഉത്തരവിട്ടതെന്നും ഇന്ത്യയിലാദ്യമായാണ് ഇത്തരം ഒരു ഉത്തരവെന്നും മന്ത്രി വ്യക്തമാക്കി. 29 ന് വീണ്ടും പഞ്ചാരക്കൊല്ലിയിലെത്തുമെന്നും മന്ത്രി കൂട്ടിചേർത്തു.
ഒരു നാടിന്റെ പ്രശ്നമായിട്ടാണ് ഇതിനെ കാണുന്നത്. ജനകീയ പ്രശ്നത്തിൽ സർക്കാർ കൂടെ ഉണ്ടാവും. വന്യ ജീവി സ്നേഹികൾ കോടതിയിൽ പോകുന്ന നാടാണിത്. പോയി പോയി ഈ പരുവം ആയെന്നും കോടതിയിൽ നിന്ന് എന്തെങ്കിലും വന്നാൽ അപ്പോൾ നോക്കാമെന്നും മന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും ശാന്ത വനത്തിനുള്ളിൽ പ്രവേശിപ്പിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ റോഡ് ഉപരോധിച്ചത്. പ്രസ്താവന പിൻവലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. പ്രതിഷേധക്കാർ മന്ത്രിക്കുനേരെ കരിങ്കൊടി വീശുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പിലാക്കാവിൽവച്ച് മന്ത്രിയുടെ വാഹനത്തിന് നേരം കരിങ്കൊടി വീശിയത്.
വൻ പ്രതിഷേധത്തിനിടയിലാണ് മന്ത്രി രാധയുടെ വീട്ടിലെത്തിയത്. തുടർന്ന് കുടുംബാംഗങ്ങളുമായി മന്ത്രി സംസാരിച്ചു. ശേഷം ബേസ് ക്യാമ്പിലെത്തിയ മന്ത്രി ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പ്രതിഷേധക്കാർ എന്നിവരുമായി ചർച്ച നടത്തുകയാണ്.