മൂന്നാർ: ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്കെതിരെ വനിത ജീവനക്കാർ നൽകിയ പരാതിയിൽ വനം വകുപ്പ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് പരാതി. ഇടുക്കി നഗരംപാറ റെയ്ഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വിനോദ് കെ.സിക്ക് എതിരെയാണ് രണ്ട് വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പരാതി നൽകിയത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് കെ.സി മാനസികമായി പീഡിപ്പിക്കുന്നുവെന്നും അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടുക്കി നഗരം പാറ റേഞ്ച് ഓഫീസിലെ വനിത രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പരാതി നൽകിയത്.
അശ്ലീല സംഭാഷണം എതിർത്തതോടെ ജോലി പരമായി ഉപദ്രവിക്കാൻ തുടങ്ങിയെന്നും പരാതിയിലുണ്ട്. റെയ്ഞ്ച് ഓഫീസർ മുതൽ സിസിഎഫ് വരെയുള്ളവർക്കാണ് പരാതി നൽകിയത്. അപമര്യാദയായി പെരുമാറുന്നതിനൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോൾ പോലും അവധി അനുവദിക്കുന്നില്ലെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ഇൻറേണൽ കംപ്ലയിൻറ് കമ്മറ്റിയും കോട്ടയം ഡിഎഫ്ഓയും പ്രാഥമിക അന്വേഷണം നടത്തി.
പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും കൂടുതൽ അന്വേഷണം നടത്താൻ വിനോദിനെ മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കോട്ടയം ഡിഎഫ്ഒ വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കഴിഞ്ഞ മാസം റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ വനംവകുപ്പ് നടപടിയെടുത്തിട്ടില്ല. വിനോദ് മേലുദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്നും റേഞ്ച് ഓഫീസറുടെ റിപ്പോർട്ടിലുണ്ട്.
തടിലോറിക്കാരിൽ നിന്നും പണം വാങ്ങുന്നതായും കോട്ടയം ഡിഎഫ്ഒയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും അന്വേഷണമുണ്ടാകാതെ വന്നതോടെ വനംമന്ത്രിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് വനിത ജീവനക്കാർ.
നടപടിയുണ്ടാകാത്തതിനാൽ ഭീതിയോടെയാണിവരിപ്പോൾ ജോലി ചെയ്യുന്നത്. അതേസമയം വിനോദിനോട് അടുത്ത ദിവസം മൊഴിയെടുക്കാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചതായി വനിത സംരക്ഷണ ഓഫീസർ പറഞ്ഞു.