നഴ്‌സിങ് കോളേജ് റാഗിങ്: പ്രതികളുടെ തുടർപഠനം തടയും, കോളേജിൽനിന്ന് ഡീബാർ ചെയ്യും
![](https://breakingkerala.com/wp-content/uploads/2025/02/kottayam-ragging-video-780x470.jpg)
കോട്ടയം: ഗവ.നഴ്‌സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും. നഴ്‌സിങ് കൗണ്‍സിലിന്റെ യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ കോളേജില്‍നിന്ന് ഡീബാര്‍ ചെയ്യുകയും ചെയ്യും. കോളേജിലെ ഒന്നാംവര്‍ഷ നഴ്‌സിങ് ക്ലാസില്‍ ആറ് ആണ്‍കുട്ടികളാണുള്ളത്. അവര്‍ ആറുപേരും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇരകളായ മറ്റ് വിദ്യാര്‍ഥികളെ സാക്ഷികളാക്കുകയും ചെയ്യും.
റാഗിങ്ങിന് ഇരയായ ഏലപ്പാറ സ്വദേശികളുടെ ദൃശ്യമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ വിദ്യാര്‍ഥികളുടെ പരാതിയില്‍ തന്നെയാണ് പോലീസ് കേസെടുക്കുകയും ചെയ്ത്. റാഗിങ് നടക്കുന്ന സമയത്ത് മറ്റ് അഞ്ച് കുട്ടികളും മുറിയിലുണ്ടായിരുന്നു. ഈ അഞ്ച് കുട്ടികളെയുമാണ് കേസില്‍ സാക്ഷിയാക്കുക. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു. ഈ മൊഴി കേസിന്റെ ബലം വര്‍ധിപ്പിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീർക്കാനാണ് വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേൽപ്പിച്ചതും ക്രൂരമായി മർദ്ദിച്ചതും. ഹോസ്റ്റൽ മുറിക്കുള്ളിൽ ഇത്രയും പ്രാകൃതമായ സംഭ വികാസങ്ങൾ നടന്നിട്ടും അധികൃതർ ആരും അറിഞ്ഞില്ലെന്നതാണ് ഏറ്റവും വലിയ ദുരൂഹത.
കേസിന്റെ തുടക്കം മുതൽ സംഭവത്തെ പറ്റി അറിയില്ലെന്ന് പറയുന്ന അസിസ്റ്റന്റ് വാർഡന്റെയും ഹൗസ് കീപ്പറുടെയും മൊഴിയിൽ അന്വേഷണസംഘത്തിന് ഇപ്പോഴും സംശയമാണ്. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തു വച്ചാണ് ക്രൂരമായ പീഡനം നടന്നത്. പ്രതികളായ വിദ്യാർത്ഥികൾ ഹോസ്റ്റൽ അധികൃതരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്.
ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനാണ് ഹോസ്റ്റൽ കോളേജ് അധികൃതരെ വീണ്ടും ചോദ്യം ചെയ്യുന്നത്. കോളേജിലെ അധ്യാപകരിൽ നിന്നും മറ്റു വിദ്യാർത്ഥികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. അസിസ്റ്റന്റ് വാർഡിന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തിൽ ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം പ്രതികടക്കമുള്ള സീനിയർ വിദ്യാർത്ഥികൾക്കായിരുന്നു.
സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരേയും ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.ടി.സുലേഖ, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി. മാണി എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കംചെയ്യാനും നിര്‍ദേശം നല്‍കി ഉത്തരവായിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.