കാസര്‍ഗോഡ്: ഉത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി. ആ പണമുപയോഗിച്ച് റോഡ് നന്നാക്കി കാഞ്ഞങ്ങാട് ലക്ഷ്മി വെങ്കടേശ ക്ഷേത്ര കമ്മിറ്റി. നഗരമധ്യത്തിലെ രണ്ടു കിലോമീറ്റർ റോഡിലെ 60 ലേറെ കുഴികളാണ് ജെല്ലിയും കരിങ്കൽപ്പൊടിയുമുപയോഗിച്ച് നികത്തിയിത്. ജെല്ലി നിറച്ച് റോഡ് റോളർ ഉപയോഗിച്ച് അതു ക്രമപ്പെടുത്തി കരിങ്കൽപ്പൊടികൊണ്ട് മിനുസപ്പെടുത്തുന്നതുവരെയുള്ള എല്ലാ പ്രവൃത്തികളുടെയും ചെലവ് കമ്മിറ്റി വഹിച്ചു. അരലക്ഷം രൂപയോളം ഇതിനായി മാറ്റിവെച്ചു.
ക്ഷേത്രത്തിൽ കാർത്തികദീപോത്സവം നടക്കുകയാണ്. ഉത്സവാഘോഷത്തിന് പടക്കം വാങ്ങാൻ ഏതാണ്ട് ഇത്രയും തുക ചെലവഴിക്കാറുണ്ട്. ഈ തുക റോഡ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കാനുള്ള കമ്മിറ്റി തീരുമാനം ഏകകണ്ഠമായിരുന്നു. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവിൽ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി വെടിമരുന്ന് വേണ്ടെന്ന് ലക്ഷ്മി വെങ്കടേശ ക്ഷേത്ര ഭരണസമിതിയും കാർത്തിക ദീപോത്സവ കമ്മിറ്റിയും തീരുമാനിച്ചത്.
കാഞ്ഞങ്ങാട് നഗരത്തിലെ സംസ്ഥാന പാതയ്ക്ക് സമാന്തരമായുള്ള ദേവൻ റോഡിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന ഈ റോഡിൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടത് കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥയായിരുന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.