FeaturedHome-bannerKeralaNews

മാസപ്പടി വിവാദം: വീണാ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ, ഹാജരായത് ചെന്നൈയിൽ

ചെന്നൈ: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിൽ (എസ്.എഫ്.ഐ.ഒ.) ഹാജരായാണ് വീണ മൊഴി നൽകിയത്. ചെന്നൈയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് വീണ ഹാജരായത്.

എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ആ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണാ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്. മാസപ്പടി വിവാദമുണ്ടായി മാസങ്ങള്‍ക്കു ശേഷമാണ് എസ്.എഫ്.ഐ.ഒ നീക്കം. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

മാസപ്പടിക്കേസില്‍ തനിക്ക് ബന്ധമില്ലെന്നായിരുന്നു വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനുകീഴിലെ സി.എം.ആര്‍.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് ഈ ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എസ്.എഫ്.ഐ.ഒയ്ക്കായിരുന്നു അന്വേഷണച്ചുമതല. അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിനെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായും നിശ്ചയിച്ചിരുന്നു. എട്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker