EntertainmentKeralaNews

ഹാപ്പി ബർത്ത്ഡേ സൂര്യ; ഉദ്വേഗം പകർന്ന് ‘എതർക്കും തുനിന്തവൻ’ പോസ്റ്റർ

ചെന്നൈ:നാൽപത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന തെന്നിന്ത്യൻ സൂപ്പർ താരം സൂര്യക്ക് ആശംസകളുമായി സിനിമാ ലോകവും ആരാധകരും. തന്‍റെ നാൽപതാം ചിത്രത്തിന്‍റെ പോസ്റ്ററും ഫസ്റ്റ് ലുക്കുമാണ് ആരാധകർക്കായി സൂര്യ പുറത്തുവിട്ടത്.എതർക്കും തുനിന്തവൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ചിത്രീകരണം ഉടൻ ചെന്നൈയിൽ ആരംഭിക്കും.

റൂറൽ ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. വാളുമായി നിൽക്കുന്ന സൂര്യയുടെ പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആക്ഷന് പ്രാധാന്യമുണ്ടാകും എന്ന സൂചന കൂടിയാണ് പോസ്റ്റർ നൽകുന്നത്. പസങ്ക, ഇത് നമ്മ ആള്, നമ്മ വീട്ടു പിള്ളൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പാണ്ടിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എതർക്കും തുനിന്തവൻ എന്ന പേരിൽ സൂര്യയുടെ അച്ഛൻ ശിവകുമാർ നായകനായി വർഷങ്ങൾക്ക് മുമ്പ് മറ്റൊരു ചിത്രം പുറത്തിറങ്ങിയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 1977ൽ ആണ് ചിത്രം ഇറങ്ങിയത്. സൺ പിക്‍ചേഴ്സ് ആണ് സൂര്യ നായകനായ ചിത്രം നിർമിക്കുന്നത്. പ്രിയങ്ക മോഹന്‍ ആണ് നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ഡി ഇമ്മന്‍ ആണ് സംഗീതം ഒരുക്കുന്നത്.

സൂര്യ നായകനായ മറ്റൊരു ചിത്രം ജയ് ഭീമിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിഭാഷകനായാണ് സൂര്യ എത്തുന്നത്. പാവങ്ങളുടെ
നീതിക്കായി പോരാടുന്ന കഥാപാത്രമാണ് സൂര്യയുടേത് എന്നാണ് സൂചന. മലയാളി താരം രജിഷ വിജയൻ ആണ് നായികയായി എത്തുന്നത്.

സുരരൈപൊട്ര് ആണ് സൂര്യയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. ഓടിടി റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഉടൻ ഹിന്ദിയിലും റീമേക്ക് ചെയ്യും.ജല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തിൽ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വാടിവാസൽ’ആണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു സൂര്യ ചിത്രം. ആന്തോളജി ചിത്രം നവരസയിലും ഒരു സിനിമ സൂര്യയുടേതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button