തിരുവനന്തപപുരം: പ്രമുഖനടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസമന്ത്രി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്ന് വി ശിവൻകുട്ടി വിമർശിച്ചു. കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ താരം കേരളത്തോട് അങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നാണ് മന്ത്രിയുടെ വിമര്‍ശനം.
അടുത്തമാസം തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം. അവതരണ ഗാനത്തിനൊപ്പം വിദ്യാർത്ഥികൾ പങ്കെടുത്തുന്ന നൃത്താവിഷ്കാരം ഉണ്ട്. അതിന് കുട്ടികളെ പഠിപ്പിക്കാവോ എന്ന് ചോദിച്ചപ്പോൾ നടി സമ്മതിച്ചു. പിന്നാലെ അഞ്ച് ലക്ഷം രൂപ പ്രതിഫലം വേണമെന്നും പറഞ്ഞു. പേര് വെളിപ്പെടുത്താതെയാണ് മന്ത്രിയുടെ വിമർശനം. പണം കൊടുത്ത് കൊണ്ട് നടിയെ കൊണ്ട് നൃത്തം പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറയുന്നു.
വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്‍റെ സമാപന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടൻ സുധീർ കരമനയും നടിയുടെ രീതിയെ വിമർശിച്ചു. കൊല്ലത്ത് കഴിഞ്ഞ വർഷം കലോത്സവത്തിൽ അതിഥിയായി മമ്മൂട്ടിയെത്തിയതും ഓണാഘോഷ പരിപാടിയിൽ ഫഹദ് ഫാസിൽ വന്നതും പ്രതിഫലം വാങ്ങാതെയാണെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരിക്കുന്നു.