ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ നായ മണം പിടിച്ച് പോയത് സമീത്തെ വീട്ടിലേക്ക്. പൊലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്. റെയില്‍വേ സ്റ്റേഷന്‍റെ സമീപമുള്ള വീട്ടിലെ ടെറസില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടിയാണ് പിടിച്ചെടുത്തത്. വാറങ്കല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
പുതുതായി പൊലീസ് സേനയിൽ പ്രവേശിച്ച സ്‌നിഫർ ഡോഗിനെ ശിവനഗർ ഭാഗത്തെ പതിവ് മയക്കുമരുന്ന് വിരുദ്ധ പരിശോധനയ്‌ക്കായാണ് വാറങ്കൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. 100 മീറ്റർ വരെ ദൂരെയുള്ള മയക്കമരുന്ന് വരെ മണത്ത് തിരിച്ചറിയാൻ പരിശീലനം ലഭിച്ച പൊലീസ് നായ റെയിൽവേ പ്ലാറ്റ്‌ഫോമിൽ കാര്യമായി ഒന്നും കണ്ടെത്തിയില്ല. എന്നാല്‍, എന്തോ സംശയം തോന്നി സമീപത്തുള്ള ഒരു വീട്ടിലേക്ക് ഓടി.
പടികൾ കയറി കെട്ടിടത്തിന്‍റെ ടെറസിലേക്ക് സ്നിഫർ നായ പാഞ്ഞപ്പോൾ ഒരു പിടിയും കിട്ടിയില്ലെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് എത്തി. അവിടെ ടെറസ് ഗാർഡനിൽ വളരുന്ന രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സേനയില്‍ ഇതോടെ പുതിയ പൊലീസ് നായ മിന്നും താരമായിരിക്കുകയാണ്.
വീട്ടിൽ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ദമ്പതികൾ അറസ്റ്റിലായിരുന്നു. ബംഗളൂരുവിലാണ് സംഭവം. എംഎസ്ആർ നഗർ മൂന്നാം മെയിനിൽ താമസിക്കുന്ന സിക്കിം സ്വദേശികളായ കെ സാഗർ ഗുരുങ് (37), ഭാര്യ ഊർമിള കുമാരി (38) എന്നിവരെയാണ് സദാശിവനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഫാസ്റ്റ് ഫുഡ് ബിസിനസ് നടത്തുകയാണ്. ഊര്‍മിളയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ദമ്പതികൾക്ക് വിനയായത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഊര്‍മിള ഫേസ്ബുക്ക് പേജിൽ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു. അടുത്തിടെ എംഎസ്ആർ നഗറിലെ തന്‍റെ വീട്ടിൽ പൂച്ചട്ടികളിൽ വളരുന്ന വിവിധ ചെടികളുടെ വീഡിയോയും ചിത്രങ്ങളും ഊര്‍മിള പോസ്റ്റ് ചെയ്തിരുന്നു. 17 എണ്ണത്തില്‍ രണ്ട് ചട്ടികളിലായാണ് ഇവർ കഞ്ചാവ് ചെടി വളർത്തിയത്. തന്‍റെ പോസ്റ്റിൽ കഞ്ചാവ് വളർത്തുകയാണെന്ന് ഊർമിള വെളിപ്പെടുത്തിയിരുന്നു.
ഈ വിവരം ഫോളവേഴ്സ് പൊലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ, കഞ്ചാവ് വിൽക്കുന്നതിനും വേഗത്തിൽ പണം സമ്പാദിക്കുന്നതിനുമായാണ് ചെടികൾ വളര്‍ത്തിയതെന്ന് ദമ്പതികൾ പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികൾ ഒന്നാം നിലയിലാണ് താമസിച്ചിരുന്നതെന്നും ഫാസ്റ്റ് ഫുഡ് ഷോപ്പ് താഴത്തെ നിലയിലാണെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ അറസ്റ്റ് ചെയ്യുകയും 54 ഗ്രാം ഭാരമുള്ള കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
പൊലീസ് എത്തിയപ്പോൾ താഴത്തെ നിലയിലുണ്ടായിരുന്ന പ്രതിയുടെ ബന്ധു ഊർമിളയെ വിവരമറിയിച്ചു. പൊലീസ് വീട്ടിൽ എത്തുമ്പോഴേക്കും ഊര്‍മിള ചെടികൾ പറിച്ച് ചവറ്റുകുട്ടയിൽ ഇട്ടിരുന്നു. എന്നാല്‍, കുറച്ച് ഇലകൾ ചെടിച്ചട്ടിയില്‍ ഉണ്ടായിരുന്നു. ആദ്യം ഊർമിള കുമാരി അത്തരം വീഡിയോകളോ ചിത്രങ്ങളോ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും ഫോൺ പരിശോധിച്ചപ്പോൾ, ഒക്ടോബർ 18 നാണ് വീഡിയോയും ഫോട്ടോകളും പോസ്റ്റ് ചെയ്തതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.