കോഴിക്കോട്: വാഹനമിടിച്ച് തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒമ്പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തില്‍ പത്ത് മാസത്തിന് ശേഷം നീതി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം. നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ദൃഷാനയുടെ അമ്മ സ്മിത പറയുന്നു.
എനിക്ക് അമ്മയെ നഷ്ടപ്പെട്ടില്ലേ. മോള്‍ കിടപ്പിലായില്ലേ. 11 മാസമായി അവള്‍ കിടപ്പിലാണ്. സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇനിയങ്ങോട്ടുള്ള ചികിത്സ ബുദ്ധിമുട്ടാണ്. വീട്ടില്‍ പോയാല്‍ എല്ലാം പുറത്തുനിന്ന് വാങ്ങണം. സത്യം എന്തായാലും ജയിക്കുമെന്നും അമ്മ പറഞ്ഞു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ദൃഷാനയെ തിങ്കളാഴ്ച ഡിസ്ച്ചാര്‍ജ്ജ് ചെയ്യും. കാര്‍ കണ്ടെത്തിയതും പ്രതിയെ തിരിച്ചറിഞ്ഞതും ആശ്വാസമാണ്. ഇന്‍ഷ്വറന്‍സ് കിട്ടുമെന്ന പ്രതീക്ഷയും ഇപ്പോള്‍ ഉണ്ടെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
അപകടം നടന്ന ദിവസം തലശ്ശേരി ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തെന്നും വാഹനമോടിച്ച ആര്‍.സി. ഉടമ പുറമേരി സ്വദേശി ഷജീല്‍ വിദേശത്തേക്ക് കടന്നതായും കോഴിക്കോട് ജില്ലാ പോലീസ് മേധാവി (റൂറല്‍) നിധിന്‍രാജ് ഐ.പി.എസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വടകര പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെഎല്‍18 ആര്‍ 1846 എന്ന കാറാണ് വടകരയില്‍ കുട്ടിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്ന് എസ്പി പറഞ്ഞു. പത്തുമാസത്തിന് ശേഷമാണ് അന്വേഷണസംഘം കാര്‍ കണ്ടെത്തിയത്.
അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്.പി. പറഞ്ഞു. അന്ന് പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.
ഈവര്‍ഷം ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.
ഒമ്പത് വയസ്സുകാരി ദൃഷാന അമ്മൂമ്മയുടെ കൈയും പിടിച്ച് അന്ന് വടകരയിലെ ബന്ധുവീട്ടിലേക്കിറങ്ങുമ്പോള്‍ അത്രമേല്‍ സന്തോഷത്തിലായിരുന്നു. അന്നൊരു ശനിയാഴ്ചയായിരുന്നു. പിറ്റേദിവസം സ്‌കൂളുമില്ല. ബന്ധുവീട്ടിലെത്തിയാല്‍ അവിടെയുള്ള കൂട്ടുകാരോടൊത്ത് ഞായറാഴ്ച വൈകുന്നേരം വരെ കളിക്കാം സ്‌കൂളിലെ വിശേഷം പറയാം. പക്ഷെ ആ യാത്ര ബന്ധുവീട് വരെ എത്തിയില്ല. ഒരു കുടുംബത്തെ തീരാ ദുഃഖത്തിലേക്ക് തള്ളിവിട്ടത് എവിടെനിന്നോ പാഞ്ഞെത്തിയ ആ കാര്‍ ആയിരുന്നു.
വടകര ചോറോട് വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞു വന്ന ഒരു വെള്ള കാര്‍ രണ്ടുപേരേയും ഇടിച്ചിട്ട് എങ്ങോട്ടോ പോയി. അമ്മൂമ്മ 62 കാരി ബേബി അപകടത്തില്‍ മരിച്ചെങ്കിലും കഴിഞ്ഞ 10 മാസമായി ഇന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയിലാണ് ആ കുഞ്ഞ്. തങ്ങളെ ഇരട്ട ദുഃഖത്തിലാക്കിയ കാറെങ്കിലും കണ്ട് പിടിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പത്ത് മാസങ്ങള്‍ക്കിപ്പുറം യാഥാര്‍ഥ്യമാവുമ്പോള്‍ തെളിയുന്നത് അപകടമുണ്ടാക്കിയത് കെ.എല്‍.18 ആര്‍ 1846 സ്വിഫ്റ്റ് കാറാണെന്നാണ്. അപകടമുണ്ടാക്കിയ കാറുടമ ഷജീല്‍ വിദേശത്തേക്ക് മുങ്ങിയെങ്കിലും തങ്ങള്‍ക്ക് നീതികിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്നിവര്‍.
എപ്പോഴും കളിച്ച് ചിരിച്ചിരുന്ന, പാറിപ്പറന്ന ദൃഷാന ഇന്ന് തിരിച്ചറിയാനാവാത്ത വിധം ഒരനക്കവുമില്ലാതെ മെഡിക്കല്‍ കോളേജില്‍ കിടപ്പിലായിപ്പോയിരിക്കുന്നു. മകളെ എങ്ങനെ എപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവുമെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും കൃത്യമായി ഉറപ്പ് പറയാനാവുന്നില്ല. വലിയ സാമ്പത്തിക ബാധ്യതയും ചികിത്സാ ചിലവും. ഇതിനിടെയാണ് അപകടമുണ്ടാക്കിയ കാര്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. അപകടം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇടിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ വലിയ വിമര്‍ശനമായിരുന്നു പോലീനെതിരേ ഉയര്‍ന്നത്. മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചത്.
കുട്ടിയെയും മുത്തശ്ശിയെയും ഇടിച്ചിട്ട ശേഷം പിടിക്കപ്പെടാതിരിക്കാന്‍ ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു ഷജീല്‍ ആദ്യം ചെയ്തത്. രാത്രി ഒന്‍പതുമണിയോടെയാണ് അപകടം ഉണ്ടായത്. അതുകൊണ്ട് തന്നെ സാക്ഷികള്‍ക്കൊന്നും വാഹനത്തിന്റെ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ തന്നെ അപകടസ്ഥസലത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധിയായി.
ഡിവൈഎസ്്പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തിയത്. 40കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്നേദിവസം തന്നെ ശേഖരിച്ചിരുന്നു. ദൃശ്യങ്ങളെല്ലാം വിശദമായി പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയിരുന്നില്ല. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെല്ലാം ചെന്ന് നേരിട്ട് അന്വേഷണം നടത്തി. 50,000 കോളുകള്‍ പരിശോധിച്ചു. കേസില്‍ അപകടം ഉണ്ടാക്കിയത് വെള്ള കാറാണ് എന്നതായിരുന്ന ഏക ക്ലൂ. മാരുതി സ്വിഫ്റ്റ് കാറാണെന്നും മനസിലാക്കി. 2011-2018ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് 19000ത്തോളം വരുന്ന അത്തരം വാഹനങ്ങള്‍ പരിശോധിച്ചു. കെഎല്‍ 18 രജിസ്ട്രേഷനിലുള്ളവ കൂടുതലായി പരിശോധിച്ചു. കൂടാതെ റിപ്പയറിങിനായി എത്തിയോ എന്നറിയാന്‍ 500ലധികം വര്‍ക് ഷോപ്പുകളിലും പരിശോധന നടത്തി.
2024 മാര്‍ച്ച് മാസത്തില്‍ ഒരുമതിലിന് ഇടിച്ച് അപകടം പറ്റി എന്ന രീതിയില്‍ ഒരു മാരുതി സിഫ്റ്റ് കാര്‍ ഇന്‍ഷൂറന്‍സ് ക്ലെയിം എടുത്തതായി കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധന നടത്തി. അപകടസമയത്ത് ഈ വാഹനം വടകര ദേശീയപാതയിലൂടെ പോയതായി കണ്ടെത്തി.
അന്നേദിവസം ഷജീല്‍ എന്ന ആര്‍സി ഓണറാണ് വണ്ടി ഓടിച്ചതെന്നും എസ്പി പറഞ്ഞു. അപകടം ഉണ്ടായിട്ട് നിര്‍ത്താതെ പോകുകയും തിരിച്ചറിയാതിരിക്കാനായി വണ്ടിയില്‍ മോഡിഫിക്കേഷന്‍ ചെയ്യുകയും ചെയ്തിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.അപകടം ഉണ്ടാക്കിയ കാര്‍ പിടിച്ചെടുത്തതായും എസ്പി പറഞ്ഞു. വാഹനം ഓടിച്ച ഷജീല്‍ ഇപ്പോള്‍ യുഎഇയിലാണുള്ളത്. പ്രതിയെ ഉടനെ നാട്ടിലെത്തിക്കുമെന്നും എസ്പി പറഞ്ഞു.
കുട്ടിയെയും മുത്തശ്ശിയെയും ഇടിച്ചുവീഴ്ത്തിയ ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെട്ട കാര്‍ മതിലിനിടിച്ചുവെന്ന് കാട്ടി ഇന്‍ഷൂറന്‍സ് ക്ലെയിമിന് എത്തിയ കാറുടമ കൂടിയായ ഷജീലിന്റെ അതിബുദ്ധിയാണ് നിര്‍ണായകമായത്. അപകടം നടന്ന് ഒരു മാസത്തിന് ശേഷം, 2024 മാര്‍ച്ച് മാസത്തിലാണ് ഇന്‍ഷുറന്‍സ് ക്ലെയിമിനായി എത്തിച്ചത്. അപകട ശേഷം കേടുപാടുകള്‍ വന്ന ഭാഗങ്ങടക്കം മാറ്റുകയും മോഡിഫിക്കേഷന്‍ വരുത്തുകയും ചെയ്തു.
എന്നാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനെത്തിയ ആ കാറിനെക്കുറിച്ച് അന്വേഷണ സംഘം പ്രത്യേകമായി അന്വേഷിക്കുകയായിരുന്നു. ഇങ്ങനെയൊരു അപകടമുണ്ടാവുമ്പോള്‍ വണ്ടിക്കുണ്ടാവുന്ന പരിക്കിന് സമാനമായിരുന്നു ഈ ഇന്‍ഷൂറന്‍സ് ക്ലെയിമെടുത്ത വണ്ടിക്കുമുണ്ടായത്. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വാഹനത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം മാറ്റിയതായും പോലീസ് പറയുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി 19,000 വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്. 500 വര്‍ക് ഷോപ്പുകളും ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളും 50,000 ഫോണ്‍കോളുകളും പരിശോധിക്കുകയും ചെയ്തു. കിലോമീറ്ററോളം പരിധിയിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പോലീസ് ചൂണ്ടിക്കാട്ടി. വെള്ള കാര്‍ എന്നതിനപ്പുറം ഒരു തുമ്പുമില്ലാത്ത കേസില്‍ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിച്ചതിലൂടെയായിരുന്നു നിര്‍ണായക വിവരം കിട്ടിയത്.