CrimeKeralaNews

വന്ദനയുടെ മരണകാരണം തലയിലും മുതുകിലുമേറ്റ കുത്തുകൾ; പ്രതി സന്ദീപ് പൂജപ്പുര ജയിലിൽ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സ്കൂൾ അധ്യാപകന്റെ കുത്തേറ്റു കൊല്ലപ്പട്ട വനിതാ ഡോക്ടർ ഡോ.വന്ദനാ ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ട്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു.

ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളത്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കേസിലെ പ്രതി സന്ദീപിനെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തുടർന്ന് സന്ദീപിനെ ആംബുലൻസിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം വന്ദനയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ചു. നൂറുകണക്കിനു പേരാണ് ഇവിടെയെത്തി വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

തുടര്‍ന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലും പൊതദര്‍ശനത്തിനു വച്ചപ്പോഴും വൻ ജനാവലി വന്ദനയെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി. മൃതദേഹം ഇന്നു രാത്രി ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിക്കും. നാളെ ഉച്ചയ്ക്കാണ് സംസ്കാരം.

വനിതാ ഡോക്റെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിലപാട് മാറ്റി പൊലീസ്. പ്രതി സന്ദീപ് ആദ്യം കുത്തിയത് കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിനെയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ‌സന്ദീപിന്റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഡോ. മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന വിശദീകരണം.

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിക്കുന്നതിന് മുൻപുള്ള പ്രതി സന്ദീപിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്‌. സന്ദീപിന്റെ മുറിവിൽ മരുന്നുവച്ചുകെട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നഴ്സിങ് അസിസ്റ്റന്റ് ജയന്തിയുടെ നേതൃത്വത്തിൽ മുറിവ് വൃത്തിയാക്കുന്നതാണ് ദൃശ്യത്തിലുള്ളത്.  ഇതിൽ ഇയാൾ ശാന്തനായി മുറിവ് ഡ്രസ്  ചെയ്യുന്ന ആശുപത്രി ജീവനക്കാരോട് സഹകരിക്കുന്നുണ്ട്. ആര് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നതിൽ വ്യക്തതയില്ല.

പിന്നീടാണ് ഇയാള്‍, ബന്ധുവിനെ കണ്ടതോടെ അക്രമാസക്തനാകുന്നത്. തുടർന്ന്  കത്രികയെടുത്ത് കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. വീട്ടിലുണ്ടായ അടിപിടിക്കിടെയാണ് സന്ദീപിനു പരുക്കേറ്റത്. ആശുപത്രിയിലെത്തിക്കാൻ സന്ദീപ് തന്നെയാണ് പൊലീസ് സഹായം തേടിയത്. പൂയപ്പള്ളി പൊലീസാണ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button