KeralaNews

മുന്‍പും മിടുക്കരായ IAS ഉദ്യോഗസ്ഥര്‍ കേരളത്തില്‍ പണിയെടുത്തിട്ടുണ്ട്,പ്രായവും അനുഭവവും ചെറുതായതു കൊണ്ടാണ് ഇത്തരം ധാരണപ്പിശകുകള്‍; പിണറായിയെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യര്‍ക്കെതിരെ ഡോ. പി. സരിന്‍

തിരുവനന്തപുരം:വിഴിഞ്ഞം ട്രയല്‍ റണ്‍ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ച ദിവ്യ എസ്. അയ്യരെ ട്രോളി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി. സരിന്‍ രംഗത്ത്. വന്‍കിട പദ്ധതികള്‍ എല്ലാം കടലാസില്‍ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നുവെന്നാണ് ദിവ്യ എസ്. അയ്യര്‍ അഭിപ്രായപ്പെട്ടത്. ഈ വാക്കുകളിപ്പോള്‍ സൈബറിടത്ത് വൈറലാണ്. സിപിഎം അണികളും ഈ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെയാണ് ദിവ്യ എസ് അയ്യരെ പരിഹസിച്ചു കൊണ്ട് ഡോ. സരിന്‍ രംഗത്തുവന്നത്.

ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടക്കുമ്പോഴാണ് ഡോ. സരിന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കടലാസില്‍ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികള്‍ ഈ കേരളത്തില്‍ മുന്‍പും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം : മുന്‍പും മിടുക്കരായ IAS ഉദ്യോഗസ്ഥര്‍ കേരളത്തില്‍ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാല്‍ മതി പറഞ്ഞു തരുമെന്നാണ് സരിന്റെ വിമര്‍ശനം.

ഡോ. പി. സരിന്റെ കുറിപ്പ്

പ്രിയപ്പെട്ട ദിവ്യ,

കടലാസില്‍ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികള്‍ ഈ കേരളത്തില്‍ മുന്‍പും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം : മുന്‍പും മിടുക്കരായ IAS ഉദ്യോഗസ്ഥര്‍ കേരളത്തില്‍ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാല്‍ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍. പ്രായും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകള്‍ ഉണ്ടാകുന്നത്. തിരുത്തുമല്ലോ.
ഡോ. സരിന്‍.

അതേസമയം പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വിവാദത്തിലായിട്ടുണ്ട്. സിപിഎമ്മിന്റെ അല്‍പ്പത്തരമെന്ന് പറഞ്ഞാണ് പ്രതിപക്ഷം ഇതിനെ പരിഹസിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനത്തില്‍ തന്നെ ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ കേരളം അഭിമാനിക്കണം. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്നതിന്റെ പേരില്‍ പരിപാടി പൂര്‍ണമായും ബഹിഷ്‌ക്കരിക്കുന്നത് യു.ഡി.എഫിന്റെ രീതിയല്ലെന്നും സതീശന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യു.ഡി.എഫ് സര്‍ക്കാര്‍ കഷ്ടപ്പെട്ട് കൊണ്ടു വന്ന പദ്ധതിയാണ്. അത് യു.ഡി.എഫിന്റെ കുട്ടിയാണെന്നുമാണ സതീശന്‍ പ്രതികരിച്ചത്.

കെ. കരുണാകരന്‍ സര്‍ക്കാരില്‍ എം.വി രാഘവന്‍ തുറമുഖ വകുപ്പ് മന്ത്രിയായിരിക്കുന്ന കാലത്താണ് ഡിസൈനും എന്‍ജിനീയറിങും പൂര്‍ത്തിയാക്കിയത്. പിന്നീടത് യാഥാര്‍ത്ഥ്യത്തില്‍ എത്തിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ തീരുമാനം എടുത്തത് ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരുമാണ്. 6000 കോടിയുടെ അഴിമതിയാണെന്നും കടല്‍ക്കൊള്ളയാണെന്നും പറഞ്ഞ ആളാണ് പിണറായി വിജയന്‍.

മത്സ്യബന്ധനമാകെ തകരാറിലാകുമെന്നും പൂവാര്‍ മുതല്‍ നീണ്ടകരവരെ കടലില്‍ ഇറങ്ങാന്‍ പറ്റില്ലെന്നും പറഞ്ഞ് മത്സ്യത്തൊഴിലാളികളെ ഇളക്കി വിടാനാണ് അന്ന് ശ്രമിച്ചത്. എന്നാല്‍ യു.ഡി.എഫ് ബഹിഷ്‌ക്കരിക്കാനോ കരിദനം ആചരിക്കാനോ ശ്രമിക്കാതെ ക്രിയാത്മകമായ പ്രതിപക്ഷമായി. പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് വിളിക്കാത്ത നടപടി ജനങ്ങള്‍ വിലയിരുത്തട്ടെയുന്നു അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായ 5500 കോടിയില്‍ എട്ടു കൊല്ലം കൊണ്ട് 850 കോടി മാത്രമാണ് നല്‍കിയത്. റെയില്‍- റോഡ് കണക്ടിവിറ്റുകള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കപ്പല്‍ എത്തിയാല്‍ മാത്രം പോര. ചരക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തണം. അതിന് വേണ്ടിയുള്ള ഗതാഗത സംവിധാനം അടിയന്തിരമായി ഒരുക്കണം. എട്ട് വര്‍ഷമായി ഈ സര്‍ക്കാര്‍ തുറമുഖത്തിന് ഒരു പണിയും ചെയ്തിട്ടില്ല. തുറമുഖത്തിന് വേണ്ടി കടല്‍ ഭിത്തി കെട്ടുമ്പോള്‍ ഇരകളായി മാറുന്നവര്‍ക്കു വേണ്ടി 472 കോടിയുടെ പുനരധിവാസ പദ്ധതിക്കുള്ള ഉത്തരവും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. തുറമുഖത്തിന്റെ നാള്‍വഴികള്‍ പ്രസംഗിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം വിസ്മരിച്ചതിലൂടെ മുഖ്യമന്ത്രി തന്നെയാണ് ചെറുതായി പോയത്. വിഴിഞ്ഞ പദ്ധതിയെയാകെ ഹൈജാക്ക് ചെയ്ത പിണറായി വിജയനെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിക്കുന്നില്ലെന്നും സതീശന്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker