FeaturedHome-bannerKeralaNews

ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്. എംഎസ് പഠനം യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ. എഫ്ആർസിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിലേക്ക്. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) കുറച്ചു കാലം ജോലി ചെയ്തു. ജോലി കിട്ടിയപ്പോഴും പഠനം ഉപേക്ഷിച്ചില്ല. ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് ഉന്നതപഠനത്തിനായി ജോൺ ഹോപ്കിൻസ് അടക്കമുള്ള ഉന്നത വിദേശ സർവകലാശാലകളിലേക്ക് തിരികെപ്പോയി.

തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹത്തെ മലയാളികൾക്കു കൂടുതൽ പരിചയം. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാട് തന്നെ അദ്ദേഹം മാറ്റിയെടുത്തു. മെഡിക്കൽ സാങ്കേതികവിദ്യയ്ക്ക് കൂടുതൽ ഊന്നൽ നൽകി. വിദേശത്തുനിന്നു വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്ക്കു വാൽവ് ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളുടെ മാറ്റ് വളരെക്കൂടുതലാണ്. രക്തബാഗുകൾ നിർമിച്ചു വ്യാപകമാക്കിയതു മറ്റൊരു ഉദാഹരണം. 

ശ്രീചിത്ര വിട്ട് മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ ഡോ. വല്യത്താൻ പിന്നീട് ആ വഴിയിൽനിന്ന് ആയുർവേദത്തിന്റെ ഗവേഷണത്തിലേക്കു കടന്നു. അലോപ്പതി ഡോക്ടർമാരും ആയുർവേദക്കാരും തമ്മിൽ പലപ്പോഴും അഭിപ്രായഭിന്നതകൾ ഉണ്ടാകാറുള്ളപ്പോൾ രണ്ടിലും അതിന്റേതായ ഗുണങ്ങൾ കണ്ടെത്താൻ പരിശ്രമിച്ചു. ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിർദേശങ്ങളും മുന്നോട്ടുവച്ചു.

കോഴിക്കോട്ട് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിനു കീഴിൽ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും പരിശ്രമിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനായിരുന്നു. പത്മവിഭൂഷൺ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികൾക്ക് അർഹനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker