FeaturedHome-bannerInternationalNews

ട്രംപിന് വെടിയേറ്റു, അക്രമി ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നുമറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

‘വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് എനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. വലിയരീതിയില്‍ രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായത്’, സംഭവത്തെക്കുറിച്ച് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. വെടിവെപ്പ് നടന്നതിന് പിന്നാലെ ദ്രുതഗതിയില്‍ ഇടപെട്ട യു.എസ്. സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ക്കും നിയമപാലകര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ‘ട്രൂത്ത് സോഷ്യലി’ല്‍ കുറിച്ചു.

പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. വേദിയില്‍ നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍നിന്ന് മാറ്റി.

ട്രംപ് പ്രസംഗിക്കുന്നതിനിടെ വേദിയില്‍നിന്ന് വെടിയൊച്ച കേട്ടിരുന്നെങ്കിലും ഇത് ആദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. തൊട്ടുപിന്നാലെ വെടിയൊച്ചകള്‍ക്കൊപ്പം അദ്ദേഹം വലതുചെവി പൊത്തിപ്പിടിക്കുന്നതും ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ഓടിയെത്തി അദ്ദേഹത്തെ സുരക്ഷിതനാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനാണെന്ന് സംഭവത്തിന് പിന്നാലെ യു.എസ്. സീക്രട്ട് സര്‍വീസ് വ്യക്തമാക്കി. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയതായി വക്താവ് സ്റ്റീവന്‍ ച്യൂങ്ങും പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, സംഭവത്തിൽ അക്രമിയെന്ന് സംശയിക്കുന്ന ഒരാളടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് റാലിയുടെ സദസ്സിലുണ്ടായിരുന്നയാളാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. രണ്ടുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ സീക്രട്ട് സർവീസ് ഏജൻ്റുമാർ വെടിവെച്ച് കൊലപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker