തൃശ്ശൂർ: ചേലക്കരയിൽ പി.വി അൻവറിന്റെ റോഡ് ഷോയ്ക്കിടെ പോലീസുമായി തർക്കം. പ്രകടനത്തിന് പോലീസ് അനുമതി തടഞ്ഞതിനു പിന്നാലെ ഡിഎംകെ പ്രവർത്തകർ വാഹനപ്രകടനം നടത്തി. ഇതോടെയാണ് പോലീസും ഡിഎംകെ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്.
ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് ഡിഎംകെ പ്രവർത്തകർ ചേലക്കര ജങ്ഷനിലൂടെ പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നു. പെട്ടെന്ന് തീരുമാനിച്ച പരിപാടിയായിരുന്നു ഇത്. പ്രകടനത്തിനൊപ്പം ഒരു വാഹനത്തിന് മാത്രം പോകാനുള്ള അനുമതിയായിരുന്നു പോലീസ് നൽകിയിരുന്നത്. പിന്നാലെ മുപ്പതോളം അനൗൺസ്മെന്റ് വാഹനങ്ങൾ ഡിഎംകെ പ്രവർത്തകർ ചേലക്കര ടൗണിലൂടെ കൊണ്ടുപോയി. ഇതോടെ ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ചേലക്കരയിൽ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങിപ്പോവുന്ന അതേസമയത്തായിരുന്നു ഡിഎംകെയുടെയും റോഡ് ഷോ. ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് ഈ വാഹനങ്ങൾ നീക്കി ഗതാഗതം സുഗമമാക്കിയത്. ഇതിനിടയിൽ പോലീസും ഡിഎംകെ പ്രവർത്തകരുമായി വാക്കേറ്റം ഉണ്ടായി. മുഖ്യമന്ത്രി വരാൻ വൈകിയതിനാൽ വാഹനങ്ങൾ കടത്തിവിട്ട് വഴിയൊരുക്കാൻ പോലീസുകാർക്ക് കഴിഞ്ഞു. ഡിഎംകെയുടെ റോഡ് ഷോയിൽ പി.വി അൻവർ പങ്കെടുത്തിരുന്നില്ല.