KeralaNews

കണ്ണൂരില്‍ ശിശു മിത്ര സ്‌കൂളില്‍ ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട സംഭവം; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ : കണ്ണൂരില്‍ ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് കൊടും ക്രൂരത കാണിച്ച ബഡ്‌സ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ശിക്ഷാ നടപടി.

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നഗരസഭയ്ക്കടുത്തെ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ ആറങ്ങാട്ടേരിയില്‍ ശിശുമിത്ര ബഡ്സ് സ്‌കൂളില്‍ ഭിന്ന ശേഷിക്കാരിയായ കുട്ടിയെ കസേരയില്‍ കെട്ടിയിട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു.

കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയെന്ന് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൈതേരി ആറങ്ങാട്ടേരിയിലെ ബഡ്സ് സ്‌കൂളിനെതിരെയായിരുന്നു പരാതി. 75 ശതമാനം ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയോടായിരുന്നു സ്‌കൂള്‍ അധികൃതരുടെ ക്രൂരത കാണിച്ചത്.

അനങ്ങാന്‍ പോലും കഴിയാത്ത വിധം കസേരയില്‍ കുട്ടിയെ വരിഞ്ഞു മുറുക്കി കെട്ടിയിട്ടെന്നായിരുന്നു പരാതി. സ്‌കൂളിലെത്തുമ്പോള്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ മൂത്രത്തില്‍ നനഞ്ഞിരുന്ന നിലയിലായിരുന്നുവെന്നും അമ്മ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി നാലിന് രാവിലെ പിടിഎ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കുട്ടിയുടെ അമ്മ സ്‌കൂളിലേക്ക് എത്തിയപ്പോഴായിരുന്നു ക്രൂരത നേരിട്ടു കണ്ടത്.

അമ്മയെ കണ്ട മകള്‍ കരഞ്ഞതോടെയാണ് അധ്യാപിക കെട്ടഴിച്ചു വിട്ടത്. ഇതുചോദ്യം ചെയ്തപ്പോള്‍ എഴുന്നേറ്റു നടക്കാതിരിക്കാന്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം ചെയ്തതെന്നായിരുന്നു അധ്യാപികയുടെ മറുപടി.

നേരത്തെയും കുട്ടിയെ ഇത്തരത്തില്‍ കെട്ടിയിടാറുണ്ടെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞതായും കുട്ടിയുടെ അമ്മ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നാലു പേര്‍ക്കെതിരെ നടപടി എടുത്തത്.

പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് പ്രിന്‍സിപ്പാല്‍ പി.വി. രേഖ, അധ്യാപികമാരായ കെ. പ്രമീള, ഒ. മൃദുല, ആയ കെ.പി. ആനന്ദവല്ലി എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

സ്‌കൂളില്‍ നേരത്തെയും ഇത്തരം സംഭവങ്ങള്‍ നടന്നതായി മറ്റു രക്ഷിതാക്കള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker