കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വാഴ്ത്തുകയോ അഭിനന്ദിക്കുകയോ ചെയ്യുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ക്ഷേത്രങ്ങളില്‍ പാടില്ല എന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഫ്‌ലക്സ് ബോര്‍ഡ് വെച്ചതില്‍ ആണ് ഹൈക്കോടതിയുടെ വിമര്‍ശനം. ക്ഷേത്ര പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും ഫോട്ടോ പതിച്ച് ഫ്‌ളക്സ് അടിച്ചിരുന്നു.
ഇത് എന്തിനാണ് എന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ചോദിച്ചു. ഭക്തര്‍ ഭഗവാനെ കാണാനാണ് ക്ഷേത്രങ്ങളില്‍ പോകുന്നത് അല്ലാതെ മുഖ്യമന്ത്രിയുടെ മുഖം കാണാനല്ല എന്നും കോടതി പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എസ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.
തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. മണ്ഡലകാല-മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് അന്നദാനം അനുവദിച്ചതില്‍ എല്‍ഡിഎഫ് സര്‍ക്കാരിനേയും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിനേയും അഭിനന്ദിച്ചുള്ള ഫ്‌ളക്‌സിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഉത്തരവാദിത്തപ്പെട്ടവര്‍ ഫ്‌ളക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്നും കോടതി ചോദിച്ചു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ഫ്‌ലക്സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ല. തുറവൂര്‍ ക്ഷേത്രം ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമാണെന്നും അവിടെ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ക്ഷേത്ര ഉപദേശക സമിതിയുടെ ജോലിയല്ലെന്നും ഭക്തരില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും മറ്റ് അധികാരികളുടെയും നിലപാട് ബെഞ്ച് ആരാഞ്ഞു. ബോര്‍ഡിന്റെ ഭരണത്തിന് കീഴിലുള്ള ഇടത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഇത്തരം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് അറിയിക്കാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.