തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ മെസ്സിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മെസ്സിൽ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമാണെന്നും വിദ്യാർത്ഥികൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മെസ് താൽക്കാലികമായി അടച്ചു.
തിരുവനന്തപുരം ടെക്നോ സിറ്റിയിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ മെസ്സിൽ ഇന്ന് ഉച്ചയ്ക്ക് നൽകിയ അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തി. മെസ്സിൽ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.
നേരത്തെ ചോറിൽ നിന്ന് പുഴുവിനെയും പാറ്റയെയും വണ്ടിനെയും കണ്ടെത്തിയതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പിജിക്കും പിഎച്ച്ഡിക്കുമുൾപ്പടെ പഠിക്കുന്ന മുന്നൂറോളം വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഈ ദയനീയ അവസ്ഥ.
ഭക്ഷണത്തെക്കുറിച്ചുള്ള പരാതിയിൽ നിരുത്തരവാദിത്തപരമായ നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ മംഗലപുരം പൊലീസിലും ഭക്ഷ്യ സുരക്ഷ വിഭാഗത്തിനും പരാതി നൽകി. വിദ്യാർത്ഥി പ്രതിഷേധത്താൽ മെസ് താൽക്കാലികമായി അടച്ചു.