![](https://breakingkerala.com/wp-content/uploads/2025/02/wild20elephant20attack-780x470.jpg)
പാലോട്: കുടുംബം പുലർത്താൻ ജോലിതേടിപ്പോയ ബാബു ഇനി മടങ്ങിവരില്ല. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം വനത്തിനുള്ളിൽ അനാഥമായി കിടന്നത് അഞ്ച് രാപകലുകൾ. ബാബുവിനെ ചുറ്റിപ്പിടിച്ച് സമീപത്തെ മരത്തിൽ അടിച്ചുകൊന്ന കാട്ടാന അരിശം തീരാഞ്ഞ് തൊട്ടടുത്തുനിന്ന എല്ലാ മരങ്ങളും കുത്തിപ്പൊളിച്ചു.
ബാബുവിന് ചിരപരിചിതമുള്ള നടപ്പാതയിലൂടെയാണ് ശാസ്താംനടയിൽനിന്ന് അടിപറമ്പിലേക്ക് വനത്തിനുള്ളിലൂടെ കഴിഞ്ഞ ദിവസവും നടന്നുപോയത്.
രണ്ടുമൂന്നു ദിവസത്തേക്ക് ആവശ്യമായ സാധനങ്ങളുമായാണ് ബുധനാഴ്ച ഉച്ചയോടെ ബാബു വീട്ടിൽനിന്ന് ഇറങ്ങിയത്. ടാർപോളിൻകൊണ്ട് കുത്തിമറച്ച ഇത്തിരിപോന്ന വീട്ടിൽ ബാബുവും കുടുംബവും താമസിച്ചിരുന്നത് ഏറെ ദുരിതങ്ങൾ സഹിച്ചാണ്.
ഭവനപദ്ധതിയിൽ വീട് നിർമിക്കാൻ അപേക്ഷകൾ നൽകിയെങ്കിലും പഞ്ചായത്ത് ബാബുവിന്റെ കുടുംബത്തെ പരിഗണിച്ചില്ല.
വനത്തിനു പുറത്ത് ജോലിയുള്ള സമയത്ത് കിട്ടുന്ന വരുമാനംകൊണ്ടാണ് ബാക്കിയുള്ള ദിവസങ്ങളിലെല്ലാം കുടുംബം പുലർത്തിയിരുന്നത്. മഴക്കാലമായാൽ സമീപത്തുള്ള ശംഖിലിയിലെ വനനിരകളിലേക്ക് കയറി വനവിഭവങ്ങൾ ശേഖരിച്ചാണ് കുടുംബം അന്നം കഴിച്ചിച്ചിരുന്നത്.
ബാബുവിന്റെ മരണത്തോടെ ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം അനാഥമാവുകയാണ്. ബുധനാഴ്ച വൈകുന്നേരമാവണം കാട്ടാന ബാബുവിനെ ആക്രമിച്ചത്. കുളത്തൂപ്പുഴ വനപരിധിയിൽപ്പെട്ട ഇടുക്കൻമുഖം എന്ന സ്ഥലത്താണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതശരീരമാകെ വികൃതമായ നിലയിലായിരുന്നു.