![](https://breakingkerala.com/wp-content/uploads/2025/01/harikumar-sreethu-780x420.webp)
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറിന് സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നാണ് വിവരം. രാത്രി മുറിയിലേക്ക് വരാതിരുന്നതിന്റെ വൈരാഗ്യത്തെ തുടർന്നാണ് കുട്ടിയെ ഇയാൾ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കസ്റ്റഡിയിൽ പോലീസിനോട് ഹരികുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൃത്യം നടത്തിയത് ഇയാൾ ഒറ്റയ്ക്ക് ആണെന്നും പോലീസ് വ്യക്തമാക്കുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാൻഡിലാണ് നിലവിൽ പ്രതി.
സഹോദരിയോടുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാത്രി മുറിയിലേക്ക് വരാൻ ശ്രീതുവിനോട് ഹരികുമാർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് ശ്രീതു ഹരികുമാറിന്റെ മുറിയിൽ എത്തി. ഇതിന് തൊട്ട് പിന്നാലെ കുഞ്ഞ് കരയുകയായിരുന്നു. ഇതോടെ ശ്രീതു തിരികെ മുറിയിലേക്ക് പോയി. ഇതിൽ ദേഷ്യം വന്ന ഹരികുമാർ കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ശ്രീതുവിനൊപ്പം ആയിരുന്നു കുഞ്ഞ് കിടന്നിരുന്നത്. രാവിലെ ശ്രീതു ശുചിമുറിയിലേക്ക് പോയ തക്കം നോക്കി ഇയാൾ കുഞ്ഞിനെ എടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. തിരികെ എത്തിയ ശ്രീതു കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് തിരയാൻ ആരംഭിച്ചു. കാണാത്തതിനെ തുടർന്ന് പോലീസിൽ പരാതിപ്പെടുക ആയിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കിണറ്റിൽ നിന്നും കണ്ടെത്തി.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മുറിയിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയും വീട്ടിൽ കയറുകൊണ്ട് കുരിക്കിടുകയും ചെയ്തു. മാനസിക പ്രശ്‌നമുള്ളപോലെ പെരുമാറി ഇയാൾ രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം 30 ന് ആയിരുന്നു കുട്ടിയെ ഹരികുമാർ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.
അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു റിമാൻഡിലാണ്. ഇതിനിടെ ശ്രീതുവിനെതിരെ പുതിയ പരാതി കൂടി ലഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് രതീഷ് എന്നയാളാണ് പോലീസിന് പരാതി നൽകിയിരിക്കുന്നത്. ഇതിൽ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ ചോദ്യം ചെയ്യലിനായി ശ്രീതുവിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ എടുക്കും. ഇതിനായി കോടതിയിൽ അപേക്ഷ നൽകാനാണ് പോലീസിന്റെ തീരുമാനം.