KeralaNews

പാലക്കാട്ടെ ഹോട്ടലിലെ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌;ട്രോളി ബാ​ഗുമായി ഫെനി

പാലക്കാട്: കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ ദൃശ്യങ്ങളുമായി സിപിഎം. കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു സിപിഎം. നീല ട്രോളി ബാ​ഗുമായി കെഎസ്‍യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്പിൽ, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുൾപ്പെടെ ‌ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു. 

നിരവധി ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. കോറിഡോറിലെ ദൃശ്യങ്ങളിൽ ശ്രീകണ്ഠൻ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും രാത്രി 10.13നുള്ള ദൃശ്യങ്ങളിൽ കാണുന്നുണ്ട്. രാഹുൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നതും കാണാം. എന്നാൽ ഫെനിയുടെ കയ്യിൽ അപ്പോൾ പെട്ടി ഇല്ല. 10.47 ലുള്ള ദൃശ്യങ്ങളിൽ പിഎ രാഹുലിനെ കോൺഫറൻസ് ഹാളിൽ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. രാഹുൽ കോൺഫറൻസ് ഹാളിലേക്ക് തിരിച്ചു വരുന്നതും ഫെനി നൈനാൻ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തം. 

എന്നാൽ സിപിഎം പറയുന്നത് അനുസരിച്ച് രാത്രി 10.54ന് ഫെനി നൈനാൻ ട്രോളി ബാഗുമായി തിരിച്ച് കോൺഫറൻസ് റൂമിലേക്ക് തിരിച്ചു വരുന്നു. ട്രോളി ബാഗുമായി കോൺഫറൻസ് റൂമിൽ കയറുന്നു. രാഹുൽ പുറത്തേക്ക്  പോകുന്നു, പെട്ടിയിലെ പണം കോൺഫറൻസ് ഹാളിലേക്ക് മാറ്റിയ ശേഷം ഫെനി നൈനാൻ തിരിച്ചു കൊണ്ടുപോകുന്നു.

പെട്ടി വാഹനത്തിൽ വെച്ച ശേഷം ഫെനി തിരികെ മുറിയിലേക്ക് വരുന്നുവെന്നുമാണ് സിപിഎം പറയുന്നത്. ശേഷം ഫെനി നൈനാൻ രാഹുൽ നേരത്തെ കയറിയ റൂമിലേക്ക് കയറുന്നു. മുറിയിൽ നിന്ന് മറ്റൊരു കനമുള്ള ബാഗുമായി ഫെനിയും പിഎയും പുറത്തേക്ക് ഓടിപ്പോകുന്നുവെന്നും ഈ സമയം കോൺഫറൻസ് റൂമിൽ ഉണ്ടായിരുന്ന ഷാഫി, ശ്രീകണ്ഠൻ, ചാമക്കാല പുറത്തേക്ക് പോകുന്നുവെന്നുമാണ് സിപിഎമ്മിൻ്റെ വാദം. 

വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്തെത്തിയിരുന്നു. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമാണെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. കെപിഎം ഹോട്ടൽ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു. ‘ഞാൻ എപ്പോളാണ് ഹോട്ടലിൽ വന്നതെന്നും പോയതെന്നും അതിൽ നിന്നും മനസിലാകും. ട്രോളി ബാഗിൽ എന്റെ ഡ്രസ്സ്‌ കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

ഈ ബാഗ് പൊലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കിൽ പൊലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല. സിസിടിവി ദൃശ്യം പുറത്ത് വിടണം. മുൻ വാതിലിൽ കൂടെ ഞാൻ കയറി വരുന്നതും ഇറങ്ങി പോകുന്നതും ഇല്ലെങ്കിൽ ഞാൻ പ്രചാരണ നിർത്തും. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചരണം ഇവിടെ നിർത്തും. ഈ ട്രോളി ബോഡ് റൂമിൽ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കിൽ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണം.

പല റൂമുകളിലേക്കും ബാഗ് കൊണ്ടുപോയതിനെ കുറിച്ചുളള ചോദ്യത്തിന് ബാഗിൽ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നതെന്നും ഷാഫിയും ഞാനും ഡ്രസ്സ്‌ മാറി മാറി ഇടാറുണ്ടെന്നുമായിരുന്നു രാഹുലിന്റെ മറുപടി. ‘ട്രോളി ബാഗുമായിട്ട് ഇന്നലെ മാത്രമല്ല എപ്പോളും പോകാറുണ്ട്’. ഇനി കോൺഗ്രസ്‌ മീറ്റിങ് നടത്തുമ്പോൾ ആരെയൊക്കെ വിളിക്കണം എന്ന് സിപിഎം ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുൽ പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker