കൊച്ചി:കുറച്ചു സംസാരിക്കുക കൂടുതൽ പ്രവർത്തിക്കുക- അതായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വഴി. പറയേണ്ട കാര്യങ്ങൾ ആരോടായാലും വെട്ടിത്തുറന്ന് പറഞ്ഞ് പാർട്ടിയെ മുന്നോട്ട് നയിച്ച നേതാവ്. താൻ ചെയ്യുന്നത് മാത്രം ശരിയാണെന്ന അഭിപ്രായമായിരുന്നില്ല, എല്ലാവരേയും കേൾക്കാനും എന്നും ജനാധിപത്യവാദിയായിരിക്കാനും ഇഷ്ടപ്പെട്ടിരുന്ന നേതാവ്. തൊഴിൽ മേഖലയിൽ തഴയപ്പെട്ടവർക്ക് വേണ്ടി എന്നും ശബ്ദമുയർത്തിയ കാനം.
തൊഴിലിടങ്ങളിൽ വിവിധ മേഖലകളിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അവർക്കായി ശബ്ദിക്കാനും കാനം മുന്നിൽ തന്നെ ഉണ്ടായിരുന്നു. സിനിമയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കാനം, സിനിമാ രംഗത്ത് താരങ്ങൾ ഒഴിച്ചുള്ള മേഖലയിലുള്ളവരുടെ സംഘടന രൂപീകരിക്കാൻ മുന്നോട്ടുവന്നു.
തിലകനും വിനയനും കാനത്തിനൊപ്പം നിന്ന് പോരാടി. ലൈറ്റ് ബോയ് അടക്കമുള്ളവർക്ക് മിനിമം വേതനം ഉറപ്പുവരുത്തി. ഒരുവേള ഷൂട്ടിങ് പോലും നിർത്തിവെപ്പിച്ച് താരങ്ങളുടേയും നിർമ്മാതാക്കളുടേയും സംഘടനകൾക്കെതിരേ പോരാടിയിട്ടായിരുന്നു തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒപ്പം നിന്നത്.
നിർമ്മാണത്തൊഴിലാളികൾക്ക് ക്ഷേമനിധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ നിയമസഭയിൽ വോട്ടിനിട്ട് അവതരണാനുമതി നേടിയത് അപൂർവ സംഭവങ്ങളിൽ ഒന്നായിരുന്നു. ഈ സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചായിരുന്നു കെട്ടിട നിർമാണ തൊഴിലാളി നിയമത്തിന് രൂപം കൊടുത്തതുതന്നെ.
കുടിയേറ്റ തൊഴിലാളികൾ, ബാങ്ക്, ഇൻഷ്വറൻസ് മേഖല തുടങ്ങി അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ കാനം മുന്നിൽ നിന്നു. പുതുതലമുറകൾക്ക് തൊഴിൽ മേഖലകളിൽ വഴികാട്ടിയായി. പലമേഖലകളിലും യൂണിയനുകൾ ഉൾപ്പെടെ സ്ഥാപിച്ച് തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാനും അത് നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.