KeralaNews

പ്രിയങ്ക ​ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചു, കോടതിയെ സമീപിക്കാൻ ബിജെപി

ന്യൂഡൽഹി : പ്രിയങ്ക ​ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതിയിൽ കോടതിയെ സമീപിക്കുമെന്ന സൂചന നൽകി ബിജെപി. പാർട്ടി നേതൃത്വം വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. വഖഫ് വിഷയത്തിൽ കോൺ​ഗ്രസ് മൗനം പാലിക്കുകയാണെന്നും, പ്രിയങ്ക മുസ്ലീം വിഭാഗത്തിന്റെ വോട്ട് കിട്ടാൻ വേണ്ടിയാണ് വയനാട് തെരഞ്ഞെടുത്തതെന്നും പ്രദീപ് ഭണ്ഡാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പ്രിയങ്ക പ്രകടന പത്രികയിൽ സ്വത്ത് വിവരം മറച്ചുവെച്ചതിൽ പാർട്ടി തീരുമാനമെടുക്കും. കോടതിയിൽ പോകുന്ന കാര്യം തള്ളിക്കളയാൻ പറ്റില്ല. വഖഫ് വിഷയത്തിലടക്കം കോൺ​ഗ്രസ് കേരളത്തിൽ മൗനം പാലിക്കുകയാണ്. ഭരണഘടന ഒരു കേസിൽ സ്വയം വിധി പറയാൻ ആരെയും അനുവദിക്കുന്നില്ല. 2013ലെ വഖഫ് നിയമത്തിലൂടെ കോൺ​ഗ്രസ് വോട്ട് ബാങ്കിനായാണ് എല്ലാ ചെയ്തത്. ഇന്ത്യ രണ്ട് നിയമത്തിലൂടെ പോകില്ല ഭാരതീയ ന്യായ സംഹിതയിലൂടെ മാത്രമേ സഞ്ചരിക്കൂവെന്നും പ്രദീപ് ഭണ്ഡാരി വിശദീകരിച്ചു.

ഇന്ത്യ സഖ്യം പൂർണമായി തകർന്നതിന്റെ തെളിവാണ് പ്രിയങ്കയുടെ വയനാട്ടിലെ മത്സരമെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു. വർ​ഗീയ രാഷ്ട്രീയം കളിക്കുന്നവരും ഭരണഘടന വിരുദ്ധരും തമ്മിലാണ് മത്സരം, ബിജെപി ഭരണഘടനയിൽ വിശ്വസിക്കുന്നു. പ്രിയങ്ക ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. പ്രചാരണത്തിൽ കൂടുതൽ മുസ്ലീം ലീ​ഗിന്റെ പതാകയാണ് കാണുന്നത്. കോൺ​ഗ്രസിന്റെ പതാകയും ദേശീയ പതാകയും കുറവാണ്. പ്രിയങ്ക മുസ്ലീങ്ങളുടെ മാത്രം നേതാവായി മാറി. വോട്ട് ബാങ്കിനായാണ് വയനാട്ടിൽ പ്രിയങ്ക മത്സരിക്കുന്നത്. 

വയനാട്ടിലെ പൊലീസിന്റെ ഔദ്യോ​ഗിക കണക്ക് പ്രകാരം അഞ്ഞൂറ് ബലാൽസം​ഗകേസുകൾ വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും  ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. രാഹുൽ ​ഗാന്ധി വയനാട് എംപിയായിരിക്കെ അവിടെ നടന്ന അഞ്ഞൂറ് ബലാൽസം​ഗകേസുകളെ പറ്റി പ്രിയങ്ക ഒന്നും പറഞ്ഞില്ല. കോൺ​ഗ്രസ് വയനാട്ടിലെ ആകെയുള്ള 30 ശതമാനം മുസ്ലീം വോട്ടിന്റെ 90 ശതമാനം കിട്ടാനാണ് ശ്രമിക്കുന്നത്. പ്രിയങ്ക ദേശീയ നേതാവല്ല, കേരളത്തിലെ നേതാവല്ല, മുസ്ലീങ്ങളുടെ മാത്രം നേതാവായി മാറി. ഇത് ഞാൻ മാത്രമല്ല സിപിഎമ്മും പറയുന്നു.

ബിജെപിക്ക് ഇത്തവണ വയനാട്ടിൽ എത്ര പ്രതീക്ഷയുണ്ടെന്ന ചോദ്യത്തിന് വയനാട്ടിലെ ജനങ്ങൾ വികസനത്തിന്റെ രാഷ്ട്രീയം തെരഞ്ഞെടുക്കും, പ്രീണന രാഷ്ട്രീയം തള്ളിക്കളയും, ബിജെപിക്ക് നല്ല പ്രതീക്ഷയാണെന്നും അദ്ദേഹം പ്രതികരിച്ചു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker