തിരുവനന്തപുരം : വയനാട് തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ നടത്തിയ വഖഫ്, വാവർ പരാമർശത്തിൽ ബി ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ്. വഖഫ് വിഷയത്തിൽ കഴിഞ്ഞദിവസം സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ കെപിസിസി മീഡിയ പാനലിസ്റ്റ് വി ആർ അനൂപ് തന്നെയാണ് ഇന്ന് ബി ഗോപാലകൃഷ്ണനെതിരെയും പരാതി നൽകിയിരിക്കുന്നത്.
സുരേഷ് ഗോപിക്കെതിരെ നൽകിയ പരാതിയുടേതിന് സമാനമായ രീതിയിൽ മതവികാരം വ്രണപ്പെടുത്തി, കലാപാഹ്വാനം നടത്തി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് ബി ഗോപാലകൃഷ്ണനെതിരെയും പരാതി നൽകിയിരിക്കുന്നത്. ശനിയാഴ്ച വയനാട്ടിൽ വച്ച് നടന്ന എൻഡിഎയുടെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ വച്ചായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വഖഫ് ബോർഡ് വിഷയത്തിൽ സംസാരിച്ചിരുന്നത്.
വഖഫ് ബോർഡ് ഈ രീതിയിലാണ് പോകുന്നതെങ്കിൽ വൈകാതെ തന്നെ ശബരിമലയിൽ നിന്നും അയ്യപ്പൻ ഇറങ്ങി പോകേണ്ട അവസ്ഥയുണ്ടാകും എന്നായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നത്. പതിനെട്ടാം പടിക്ക് താഴെ ഒരു ചെങ്ങായി ഇരിപ്പുണ്ട്. നാളെ പുള്ളി ഈ ഭൂമി വഖഫിന് നൽകി എന്ന് പറഞ്ഞാൽ ശബരിമലയും വഖഫിന്റേതാവും. അത് അനുവദിക്കണോ എന്നായിരുന്നു ബി ഗോപാലകൃഷ്ണൻ സമ്മേളനത്തിൽ ചോദ്യമുന്നയിച്ചിരുന്നത്.