
പത്തനംത്തിട്ട: പൂവന്‍കോഴിയുടെ കൂവല്‍ കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന പരാതിയില്‍ കോഴിക്കൂട് മാറ്റി സ്ഥാപിക്കാന്‍ ഉത്തരവിട്ട് ആര്‍ഡിഒ. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്‍. പുലര്‍ച്ചെ മൂന്ന് മുതൽ
പൂവന്‍കോഴി കൂവുന്നത് കാരണം സൈ്വര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നതായി കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കൂട് മാറ്റി സ്ഥാപിക്കാന്‍ ഉത്തരവിട്ടത്.
രാധാകൃഷ്ണന്റെ അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചു തറയില്‍ അനില്‍ കുമാറിന്റെ വീടിനു മുകള്‍നിലയില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തല്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ അടൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരുടേയും വാദം കേട്ട ശേഷം സ്ഥലപരിശോധനയും നടത്തി. കെട്ടിടത്തിന്റെ മുകളില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായതും രോഗാവസ്ഥയില്‍ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി ബോധ്യപ്പെട്ടു.
ഈ സാഹചര്യത്തില്‍ അനില്‍ കുമാറിന്റെ താമസ വീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് ഇവിടെ നിന്ന് മാറ്റണമെന്നും വീടിന്റെ കിഴക്കുഭാഗത്തായി സ്ഥാപിക്കണമെന്നും ആര്‍ഡിഒ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ നിര്‍ദേശം പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.