കോട്ടയം: കോട്ടയം കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ ചേരിതിരിഞ്ഞ് തമ്മിലടി. സംഘർഷത്തിൽ ഒരാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പാത്രിയാർക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത രാവിലെ പള്ളിയിൽ കുർബാന ചൊല്ലാനെത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. നടപടി നേരിട്ട മെത്രാപ്പൊലീത്തയെ കുർബാന ചൊല്ലാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തു.
ഇതിനെതിരെ മെത്രാപ്പൊലീത്തയെ അനുകൂലിക്കുന്നവരും രംഗത്തെത്തി. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘർഷത്തിനിടെ മെത്രാപ്പൊലീത്തയെ എതിർക്കുന്ന വിഭാഗത്തിലെ റിജോ എന്നയാൾക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസമാണ് പാത്രിയാർക്കിസ് ബാവയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഭരണഘടന ഭേദഗതി ചെയ്യാൻ നീക്കം നടത്തിയെന്ന് ആരോപിച്ച് കുര്യാക്കോസ് മാർ സേവേറിയോസ്നെതിരെ നടപടി എടുത്തത്.