വമ്പന്‍ തിരിച്ചുവരവിന് ചിരഞ്ജീവി ; പ്രതിഫലത്തില്‍ റെക്കോഡ്; ഞെട്ടിയ്ക്കുന്ന തുക
ഹൈദരാബാദ്: ടോളിവുഡ് സിനിമയിലെ സൂപ്പര്‍താരമാണ് ചിരഞ്ജീവി. 2023 ല്‍ ആണ് അവസാനമായി ഒരു ചിരഞ്ജീവി ചിത്രം പുറത്തിറങ്ങിയത്. ആ വര്‍ഷം വാള്‍ട്ടര്‍ വീരയ്യ, ഭോലശങ്കര്‍ എന്നീ ചിത്രങ്ങള്‍ താരത്തിന്റേതായി പുറത്തിറങ്ങിയെങ്കിലും 2024 ല്‍ ഒരു സിനിമയില്‍ പോലും താരം അഭിനയിച്ചില്ല. ഇപ്പോഴിതാ താരം വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
നാനിക്കൊപ്പം ദസറ എന്ന ബ്ലോക്ക്ബസ്റ്റര്‍ നിര്‍മ്മിച്ച ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. നാനി അവതരിപ്പിക്കുകയും സുധാകര്‍ ചെറുകുരി നിര്‍മ്മിക്കുകയും ചെയ്യുന്ന ഈ പ്രോജക്റ്റ് ചിരഞ്ജീവിക്ക് കരിയറിലെ റെക്കോഡ് പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മെഗാസ്റ്റാറിന് പ്രതിഫലത്തിന്റെ വലിയൊരു ഭാഗം ഇതിനോടകം നല്‍കി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
75 കോടി രൂപയാണ് ചിരഞ്ജീവിക്ക് ഈ ചിത്രത്തില്‍ പ്രതിഫലമായി നല്‍കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. 90 കളുടെ പശ്ചാത്തലത്തിലുള്ള ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ഈ സിനിമ എന്നാണ് വിവരം. ചിരഞ്ജീവി തന്റെ പ്രായവുമായി പൊരുത്തപ്പെടുന്ന ഒരു വേഷമാണ് ഈ സിനിമയില്‍ ചെയ്യുന്നത്. ഹൈ എനര്‍ജി ട്രാക്കുകള്‍ക്ക് പേരുകേട്ട അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
ചിരഞ്ജീവിയുടെ ചോര പുരണ്ട കൈ കാണിക്കുന്ന ഫസ്റ്റ് ലുക്ക് ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി കഴിഞ്ഞു. ഇപ്പോള്‍ സംവിധായകന്‍ ശ്രീകാന്ത് ഒഡേല നാനിക്കൊപ്പം ദി പാരഡൈസ് എന്ന ചിത്രമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. അത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അദ്ദേഹം ചിരഞ്ജീവിയുടെ സിനിമയുടെ ജോലികള്‍ ആരംഭിക്കും. ശ്രീകാന്തിന്റെ മൂന്നാമത്തെ ചിത്രമാണിത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീകാന്ത് ഒഡേല ഹൈദരാബാദ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ എങ്ങനെയാണ് ചിരഞ്ജീവി ചിത്രത്തിലേക്ക് എത്തിയത് എന്ന് വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ ചിരഞ്ജീവിയുടെ ആരാധകനാണ്. അദ്ദേഹമിപ്പോള്‍ എന്റെ സിനിമയില്‍ ഒരു കഥാപാത്രമായി മാറുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ തിരക്കഥ പൂര്‍ത്തിയാക്കി,’ ശ്രീകാന്ത് പറഞ്ഞു.
തെലുങ്കില്‍ മാത്രം 150 ലേറെ സിനിമകള്‍ വേഷമിട്ട താരമാണ് ചിരഞ്ജീവി. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറില്‍ കേന്ദ്ര കഥാപാത്രമായത് ചിരഞ്ജീവിയായിരുന്നു. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.