തൃശ്ശൂർ : സ്വന്തമായി പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. തൃശ്ശൂർ ചാലക്കുടിയിൽ ആണ് സംഭവം. ചാലക്കുടി മേലൂരിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.
തിങ്കളാഴ്ച തങ്ങൾ ആശുപത്രിയിൽ പോയിരുന്നെങ്കിലും അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല എന്നാണ് ഗുല്ലി അറിയിക്കുന്നത്. തുടർന്ന് തിരികെ വീട്ടിൽ തന്നെ എത്തി. ശേഷം പ്രസവവേദന വന്നപ്പോൾ സ്വന്തമായി പ്രസവം എടുക്കുകയായിരുന്നു. എന്നാൽ പൊക്കിൾകൊടി അറുത്ത് മാറ്റിയതിന് പിന്നാലെ കുട്ടി മരിക്കുകയായിരുന്നു.
പ്രസവത്തിന് രണ്ടാഴ്ച മുൻപ് തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഈ ദമ്പതികളോട് നിർദ്ദേശിച്ചിരുന്നു എന്നാണ് പ്രദേശത്തെ ആശാ വർക്കർ വ്യക്തമാക്കുന്നത്. ശാന്തി ഗർഭിണിയായിരുന്നു എന്ന കാര്യം തന്നെ വളരെ വൈകിയാണ് തങ്ങൾ അറിഞ്ഞത് എന്നും ആശാവർക്കർമാർ വ്യക്തമാക്കുന്നുണ്ട്.
പ്രസവത്തിനുശേഷം പൊക്കിൾകൊടി മുറിച്ചു മാറ്റിയപ്പോൾ ഉണ്ടായ അമിത രക്തസ്രാവമാണ് കുട്ടിയുടെ മരണത്തിന് കാരണമായിട്ടുള്ളത്. അമ്മ ശാന്തിക്കും അമിത രക്തസ്രാവം ഉണ്ടായിരുന്നു. ഭർത്താവ് വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ ആശ വർക്കർമാർ യുവതിയെ ഉടൻതന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.