മേപ്പാടി: വയനാട് ചൂരല്‍ മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരണസംഖ്യ ഉയരുകയാണ്. അയൽജില്ലയായ മലപ്പുറം പോത്തുകല്‍ മുണ്ടേരി ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ലഭിച്ചത് 13 മൃതദേഹങ്ങൾ. മൂന്നുവയസ്സുള്ള കുഞ്ഞിൻ്റെ മൃതദേഹമാണ് ആദ്യം തീരത്തടിഞ്ഞത്.
മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയതാണ് മൃതദേഹങ്ങള്‍. 27 പേരുടെ മൃതദേഹം വയനാട്ടില്‍ നിന്നും കണ്ടെടുത്തു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 44 കടന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിൽ മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി. പാലം തകർന്നതോടുകൂടി രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയിലേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദിന്റെയും പഞ്ചായത്ത് പ്രസിഡന്റ് ബാബുവിന്റെയും നേതൃത്വത്തില്‍ മൂന്നുപേര്‍ കാട്ടിലൂടെയുള്ള മറ്റൊരു വഴിയിലൂടെ മുണ്ടക്കൈയിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നുണ്ട്. പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അതിനുള്ള ശ്രമങ്ങളാണ് എന്‍ഡിആര്‍എഫ് നടത്തുന്നത്.
ചൂരല്‍മലയിൽ ടൗണ്‍ മുഴുവന്‍ ചെളിയും തടിക്കഷ്ണങ്ങളും നിറഞ്ഞ് കിടക്കുകയായിരുന്നു. ചെളി നീക്കി വഴിയുണ്ടാക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. ചൂരല്‍ മല ടൗണിന്റെ വലതുഭാഗത്താണ് വെള്ളാര്‍മല സ്‌കൂള്‍ ഉള്ളത്.
സ്‌കൂളിന്റെ ഒരു കെട്ടിടം ഭാഗികമായും മറ്റൊരു കെട്ടിടത്തിന്റെ അടിത്തറ പൂര്‍ണമായും ഒഴുകിപ്പോയി. ക്ലാസ് മുറികളെല്ലാം നശിച്ചു. വെള്ളാര്‍മല സ്‌കൂളിന്റെ അരികിലൂടെ ഒഴുകിയിരുന്ന ഒരു ചെറിയ പുഴയായിരുന്നു ചൂരല്‍മല പുഴ. എന്നാല്‍ ഉരുള്‍ പൊട്ടിയതോടെ പുഴ മുമ്പുണ്ടായതിലും നാലിരട്ടി വലിപ്പത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടിലൂടെ പരന്നൊഴുകുകയാണ്.
വലിയ പാറക്കഷ്ണങ്ങള്‍ ഗ്രൗണ്ടിലാകെയുണ്ട്. സ്‌കൂളിനോട് ചേര്‍ന്നുള്ള ജനവാസമേഖലയിലെ 80-ഓളം വീടുകളില്‍ 90 ശതമാനം വീടുകളും ഒലിച്ചുപോയതാണ് വിവരം. ചിലത് തറ പോലുമില്ലാത്ത വിധം നാമാവിശേഷമായി. നിരവധി പേരെ കാണാതായി.
നിലവില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത് ചൂരല്‍മലയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ്. മേഖലയോട് ചേര്‍ന്ന് രണ്ട് കുന്നുകളുണ്ട്. ഒന്ന് പടവെട്ടി കുന്നും പപ്പേട്ടന്‍ മലയും. ഈ രണ്ട് മേഖലകളില്‍ വീടുകളില്‍ കുടുങ്ങി കിടന്നവരെ ക്യാമ്പുകളിലേക്കും ചികിത്സ ആവശ്യമുള്ളവരെ വിംസ് ആശുപത്രിയിലേക്കും മാറ്റി.