FeaturedHome-bannerKeralaNews

ചാലക്കുടി ബാങ്ക് കവര്‍ച്ച: പ്രതി പിടിയില്‍

ചാലക്കുടി: പോട്ടയിലെ ബാങ്കിൽ കത്തി കാട്ടി കവർച്ച നടത്തിയയാൾ പിടിയിൽ. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇയാളിൽനിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തതായാണ് വിവരം. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് 36 മണിക്കൂറുകൾക്ക് ശേഷമാണ് മോഷ്ടാവ് പിടിയിലായത്. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.

ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത ഹെൽമെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. ഹിന്ദി സംസാരിക്കുന്ന ആളായതിനാൽ റെയിൽവേ സ്റ്റേഷനും മറ്റും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. മുറി പൂട്ടിയശേഷം കാഷ് കൗണ്ടർ തോൾകൊണ്ട് ഇടിച്ചുതുറക്കാൻ ശ്രമിക്കുന്ന പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് കൈകൊണ്ട് ചില്ലുകൾ തകർത്താണ് പണം അപഹരിച്ചത്.

പോട്ട ചെറുപുഷ്പം പള്ളിയുടെ നേരേ എതിർവശത്ത് പഴയ ദേശീയപാതയിലാണ് ബാങ്ക്. പുതിയ ദേശീയപാതയിൽനിന്ന് 150 മീറ്റർ ദൂരെ. നട്ടുച്ചയായതിനാൽ ഏറക്കുറേ വിജനമായിരുന്നു പാത. രണ്ടു മുതൽ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. ബാങ്കിനുമുന്നിൽ നിർത്തിയിട്ട കാറിനു പിന്നിലായി സ്കൂട്ടർ നിർത്തിയാണ് ഇയാൾ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. മറ്റ് നാലുപേർ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.

മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്. ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. ഈ മുറി പുറമേനിന്ന് കുറ്റിയിട്ട ശേഷം കാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം കൈക്കലാക്കിയത്. 47 ലക്ഷം രൂപയാണ് കൗണ്ടറിൽ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതിൽനിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകൾ കൈക്കലാക്കി പുറത്തേക്കുപോയി.

പോട്ട സിഗ്നലിന്റെ ഭാഗത്തേക്കാണ് മോഷ്ടാവ് പോയതെങ്കിലും നേരേ ദേശീയപാതയിലേക്ക് കയറിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ പുറത്തുപോയ ജീവനക്കാരനെ ഫോണിൽ വിളിച്ചുവരുത്തിയാണ് ഡൈനിങ് മുറി തുറപ്പിച്ചത്.

ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രതിക്കുവേണ്ടി ഊർജിതമായ രീതിയിലാണ് അന്വേഷണം നടന്നത്. എല്ലാ ടോൾ പ്ലാസകളിലും അയൽജില്ലകളിലും പോലീസ് ജാഗ്രതാനിർദേശം നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker