ചെന്നൈ; അണ്ണാ സർവ്വകശാലയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ പിടിയിൽ. കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍(37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുകയാണ് ഇയാൾ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ക്യാമ്പസിലെ സിസിടിവികൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നാണ് വിവരം. കോട്ടൂർപുരം സ്റ്റേഷനിൽ തന്നെ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
23 നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കന്യാകുമാരി സ്വദേശിയായ 19 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. സർവ്വകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് പെൺകുട്ടി. ആൺ സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
ഹൈവേ ലബോറട്ടറിക്ക് സമീപമുള്ള കാമ്പസിൻ്റെ തുറസായ സ്ഥലത്ത് വെച്ചാണ് തന്നെ രണ്ട് പേർ ആക്രമിച്ചതെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തല്ലി അവശനാക്കിയ ശേഷം തന്നെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ഷൂട്ട് ചെയ്തെന്നും ഇത് ഉപയോഗിച്ച് തന്നെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നുണ്ട്. അതേസമയം സിസിടിവിയിൽ നിന്നും ഒരാൾ മാത്രമാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്നാണ് മനസിലാക്കുന്നതെന്നാണ് പോലീസ് പറയുന്നത്.