കണ്ണൂര്‍: കണ്ണൂരിലെ പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത സംഭവത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്. തില്ലങ്കേരിയ്‌ക്കൊപ്പം 200ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് തില്ലങ്കേരി അടക്കമുള്ളവര്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയത്.
കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്റ്റേഡിയം കോര്‍ണര്‍ വരെയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തില്ലെന്ന് അറിയിച്ചാണ് പ്രകടനത്തിന് അനുമതി വാങ്ങിയത്. എന്നാല്‍, അത് ഹിന്ദു ഐക്യ വേദി ലംഘിച്ചു. പ്രകടനത്തിനു ശേഷം തില്ലങ്കേരി പ്രകോപനരമായ പ്രസംഗം നടത്തുകയും ചെയ്തു.
ആര്‍എസ്എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി സ്വീകരിക്കുമെന്നായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ പരാമര്‍ശം. ജമാഅത്ത് ഇസ്ലാമി, സുന്നി സംഘടനകള്‍, മുസ്ലിം ലീഗ് എന്നിവകളോടൊന്നും സംഘപരിവാറിന് ശത്രുതയില്ല. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനയാണ്. കുറേ കാലമായി അവര്‍ ഇവിടെ വെല്ലുവിളിച്ച് നടക്കുന്നു. അതിനെ ഞങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
എന്നാല്‍, നിങ്ങള്‍ സകല സീമകളും ലംഘിച്ച് ഞങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുകയാണ്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കുന്നു. സര്‍ക്കാരുകളോട് ഒരു കാര്യം വ്യക്തമായി പറയാം. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ അടക്കി നിര്‍ത്താന്‍ നിങ്ങള്‍ക്കാവുന്നില്ല എങ്കില്‍ അവരെ അടക്കേണ്ടത് പോലെ അടക്കാന്‍ സംഘപരിവാറിന് കരുത്തുണ്ട്. ആ കരുത്ത് ഞങ്ങള്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യും എന്നും തില്ലങ്കേരി പറഞ്ഞു.