തിരുവല്ല: തിരുവല്ല കുറ്റൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെ നൂറിലധികം പേരാണ് തിരുവല്ല കുറ്റൂര്‍ ജംഗ്ഷനില്‍ ഞായറാഴ്ച ഒത്തു ചേര്‍ന്നത്. പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്കുളള സ്വീകരണമാണ് നടന്നത്. ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തി സിപിഎമ്മിന്റെ യോഗം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, പരിപാടിക്ക് ധാരാളം പേര്‍ എത്തിയിരുന്നുവെങ്കിലും ആള്‍ക്കൂട്ടമുണ്ടായിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ പരിഹാസവുമായി കെ. മുരളീധരന്‍ എംപി രംഗത്ത് എത്തി. പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹമെന്നാണ് മുരളീധരന്റെ പരിഹാസം. കേരളത്തില്‍ കോണ്‍ഗ്രസിനെ നശിപ്പിച്ച് ബിജെപിയെ വളര്‍ത്താനാണ് വിജയരാഘവന്റെ ശ്രമം. ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ പോയി കാണാന്‍ വി.ഡി. സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തമ്മിലടിക്കാന്‍ അല്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ലെന്നാണ് വിജയരാഘവന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.വമ്പിച്ച ഗൃഹസന്ദര്‍ശനം മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്, പുതിയ നേതാവ് പഴയ നേതാവിനെകണ്ട് കെട്ടിപ്പിടിക്കുകയാണ്. ഇതാണോ ജനങ്ങള്‍ക്കായുള്ള ഇവരുടെ സേവനമെന്നും വിജയരാഘവന്‍ ചോദിച്ചു.