പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടൂർ പൊലീസ് അന്വേഷണം തുടങ്ങി.
പട്ടാപ്പകലായിരുന്നു മോഷണം. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്. വൈദികൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വീട്ടിലെത്തി. സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ട്.
അത് ലഭ്യമാകാൻ ആയിരം രൂപ നൽകാൻ ആവശ്യപ്പെട്ടു. പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചു. പിന്നാലെ മറിയാമ്മയുടെ കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാലയും പൊട്ടിച്ചോടി. വിവരമറിഞ്ഞ് വാർഡ് മെമ്പർ അനൂപ് ഉടൻ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.
അതിനിടെ അതീവ അപകടകാരികളായ തമിഴ്നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായി സൂചനകള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. രാത്രി സമയത്ത് ഒറ്റപ്പെട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണത്തിന് എത്തുന്ന സംഘം അതീവ അപകടകാരികളാണ്. അതുകൊണ്ട് തന്നെ രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് പറയുന്നത്.
മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപമുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം നടന്നിരുന്നു. ഇവിടെ നിന്ന് പൊലീസിന് കിട്ടിയ സി സി ടി വി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനം. മുഖം മറച്ച് അര്‍ധ നഗ്‌നരായാണ് സാധാരണഗതിയില്‍ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇതേ രീതിയിലുളള സിസിടിവി ദൃശ്യങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്.
മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപമുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്. തുടര്‍ന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചത്. ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
മണ്ണഞ്ചേരിയില്‍ വീടിന്റെ അടുക്കള വാതില്‍ തുറന്നു മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ സി സി ടി വിയില്‍നിന്നു മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു. മുഖം മറച്ച് അര്‍ധനഗ്നരായാണ് കള്ളന്മാര്‍ എത്തിയത്. ഇവരുടെ വേഷത്തില്‍ നിന്നും ശരീരഭാഷയില്‍നിന്നുമാണ് കുറുവ സംഘമാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്.
പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ മുഖംമറച്ച രണ്ടു പേരാണുള്ളത്. മുഖം മറച്ച് അര്‍ധ നഗ്‌നരായാണ് സാധാരണഗതിയില്‍ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു. പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന കുറുവ സംഘം വീടുകള്‍ നോക്കി വയ്ക്കും. ശേഷം രാത്രിയാണ് മോഷണത്തിനിറങ്ങുക. മോഷണത്തെ എതിര്‍ത്താല്‍ അതിക്രൂരമായി ആക്രമിക്കുകയും ചെയ്യും. സംസ്ഥാനത്തു പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള – തമിഴ്നാട് അതിര്‍ത്തിയിലാണ് ഇവരുടെ ഒരു താവളം. കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി.
മോഷണത്തിനു ഇവരുടേതായ രീതികള്‍ ഉണ്ട്. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് കയറും. ശരീരത്തില്‍ എണ്ണയും കരിയും പുരട്ടും.
പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനാണിത്. ആറു മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നും നിഗമനമുണ്ട്. മോഷണ സ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെയായിരിക്കും ഇവര്‍ താമസിക്കുക. കുറുവ സംഘം കേരളത്തില്‍ പതിവായി മോഷണത്തിനെത്തുന്ന ജില്ലകളിലൊന്ന് ആലപ്പുഴയാണെന്നാണു വിവരം.