KeralaNews

ഇരച്ചുകയറി ജനം; പ്രഥമ സൂപ്പർ ലീഗ് കേരളയിൽ മുത്തമിട്ട് കാലിക്കറ്റ് എഫ്.സി തകർത്തത് പൃഥിരാജിൻ്റെ ഫോഴ്സാ കൊച്ചിയെ

കോഴിക്കോട്: സ്വന്തം മണ്ണിൽ പുതുചരിത്രമെഴുതി കാലിക്കറ്റ്. ആവേശക്കടലായി മാറിയ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് കാലിക്കറ്റ് എഫ്.സി പ്രഥമ സൂപ്പർ ലീഗ് കേരള കിരീടത്തിൽ മുത്തമിട്ടു. കന്നിക്കിരീടം മോഹിച്ചെത്തിയ കൊച്ചിക്ക് നിരാശയോടെ മടക്കം. കലാശപ്പോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാലിക്കറ്റിന്റെ ജയം.

ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞുനിന്നതായിരുന്നു സൂപ്പർ ലീഗ് ഫൈനൽ. മുന്നേറ്റങ്ങൾ കൊണ്ട് ഗോൾ മുഖം പലകുറി ഇരു ടീമുകളും വിറപ്പിച്ചു. കാലിക്കറ്റ് രണ്ടുവട്ടം വലകുലുക്കി. 15ആം മിനിറ്റിൽ തോയ് സിങ്ങും 71ആം മിനിറ്റിൽ ബെൽഫോർട്ടും. കൊച്ചിക്കായി ഡോറിയെൽട്ടൻ ആശ്വാസ ഗോൾ നേടി. ടൂർണമെന്റിൽ ഉടനീളം ഗോൾമഴ പെയ്യിച്ച കാലിക്കറ്റ് ഫൈനലിലും അതാവർത്തിച്ചു. കൊച്ചിയുടെ പ്രതിരോധക്കോട്ടക്ക് അത്ത ടഞ്ഞുനിർത്താനായില്ല. മത്സരത്തിലുടനീളം ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കാലിക്കറ്റ് കൊച്ചി പ്രതിരോധത്തെ പലകുറി പരീക്ഷിച്ചു.

കൊച്ചിയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യമിനിറ്റിൽ തന്നെ കൊച്ചി താരങ്ങൾ കാലിക്കറ്റിന്റെ ബോക്സിൽ ഇരച്ചെത്തി. ഇടത്തുവിങ്ങിലൂടെയാണ് കൊച്ചി കാലിക്കറ്റ് പെനാൽറ്റി ബോക്സിൽ അപകടം വിതച്ചത്. എന്നാൽ പതിയെ കാലിക്കറ്റും മത്സരത്തിൽ പിടിമുറുക്കി. കിട്ടിയ അവസരങ്ങളിൽ മുന്നേറി.

15 ആം മിനിറ്റിൽ കൊച്ചിയെ ഞെട്ടിച്ച് കാലിക്കറ്റ് മുന്നിലെത്തി. തോയ് സിങ്ങാണ് വലകുലുക്കിയത്. മൈതാന മധ്യത്തുനിന്ന് ലഭിച്ച ത്രൂ ബോൾ സ്വീകരിച്ച് ഇടത്തുവിങ്ങിലൂടെ മുന്നേറിയ ജോണ് കേന്നഡി പന്ത് ബോക്സിലേക്ക് നീട്ടി. തോയ് സിങ് അത് അനായാസം വലയിൽ തട്ടിയിട്ടു. കൊച്ചി പ്രതിരോധ താരങ്ങൾക്ക് ഒന്നും ചെയ്യാനായില്ല.

ഗോൾ വീണതിന് പിന്നാലെ കാലിക്കറ്റ് വീണ്ടും ആക്രമണങ്ങൾ അഴിച്ചുവിടുന്നതാണ് മൈതാനത്ത് കണ്ടത്. എന്നാൽ മരിയോ ലോമോസ് മറുതന്ത്രമൊരുക്കി. പന്ത് കിട്ടിയാലല്ലേ അക്രമിക്കാനാകൂ. അതിനാൽ കൊച്ചി പന്ത് കൈവശം വെച്ച് കളിച്ചു. കളി അൽപ്പം പരുക്കനായതോടെ കൊച്ചി തരങ്ങൾ മഞ്ഞകാർഡും വാങ്ങിക്കൂട്ടി. 32 ആം മിനിറ്റിൽ സൂപ്പർ താരം ഗനി അഹമ്മദ് നിഗത്തെ പിൻവലിച്ച് ജിജോ ജോസഫിനെ കാലിക്കറ്റ് കളത്തിലിറക്കി. പിന്നാലെ ഇരുടീമുകളും മുന്നേറ്റം ശക്തമാക്കിയെങ്കിലും ആദ്യപകുതിയിൽ കൊച്ചിക്ക് തിരിച്ചടിക്കാനായില്ല.

തിരിച്ചടി ലക്ഷ്യമിട്ടാണ് ഫോഴ്സാ കൊച്ചി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയത്. തുടക്കത്തിൽ തന്നെ നിരവധി മുന്നേറ്റങ്ങൾ നടത്തുകയും ചെയ്തു. 59 ആം മിനിറ്റിൽ കൊച്ചി ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കൊച്ചി പന്ത് വിട്ടുകൊടുക്കാതെ കളി മെനഞ്ഞപ്പോൾ പതിയെ കാലിക്കറ്റ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. മൈതാന മധ്യത്ത് നിറഞ്ഞു കളിച്ച കൊച്ചി താരങ്ങൾ ആതിഥേയരെ പ്രതിരോധത്തിലാക്കി. എന്നാൽ കിട്ടിയ അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുകളുമായി ഇയാൻ ഗില്ലന്റെ സംഘം എതിരാളികളെ വിറപ്പിക്കുകയും ചെയ്തു.

69 ആം മിനിറ്റിൽ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം കാലിക്കറ്റ് നഷ്ടപ്പെടുത്തി. ബെൽഫോർട്ടിന്റെ സോളോ നീക്കങ്ങൾ കൊച്ചി പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. പിന്നാലെ വിജയമുറപ്പിച്ച് ഗോളും. പെനാൽറ്റി ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ ഇരുന്ന ബെൽഫോർട്ട് ഉഗ്രൻ ഇടം കാൽ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. കൊച്ചി ഗോളിക്ക് ഒന്നും ചെയ്യാനില്ല. രണ്ടു ഗോൾ വീണതോടെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയും അക്ഷരാർത്ഥത്തിൽ ആവേശക്കടലായി. വിങ്ങുകളിലൂടെ ആതിഥേയർ എതിർ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുകളുതിർത്തു. കൊച്ചി 93 ആം മിനിറ്റിൽ ഡോറിയെൽട്ടനിലൂടെ ഒരു ഗോൾ മടക്കി. സമനില പിടിക്കാൻ ശ്രമിച്ചെങ്കിലും മുന്നേറ്റങ്ങൾ കാലിക്കറ്റ് പ്രതിരോധത്തിൽ തട്ടി മടങ്ങി. അതോടെ പ്രഥമ സൂപ്പർ ലീഗ് കേരള കിരീടവുമായി കാലിക്കറ്റ് മടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker