കൊച്ചി: ഹണി റോസിന് എതിരെയുളള അപകീര്‍ത്തി പരാമര്‍ശത്തില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കുമെന്നായിരുന്നു ബോചെ ആരാധകരുടെ പ്രതീക്ഷ. ബോചെയെ രക്ഷിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ അഡ്വക്കേറ്റ് ബി രാമന്‍പിള്ള തന്നെ നേരിട്ടിറങ്ങി. കോടതി മുറിയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ അരങ്ങേറി.
പരാതിക്കാരി പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുകയാണെന്നാണ് ബോബിയുടെ അഭിഭാഷകന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ചെയ്തത് ഗുരുതര കുറ്റമാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. രാമന്‍പിള്ള കൊണ്ട് പിടിച്ച് ശ്രമിച്ചിട്ടും കോടതി കനിഞ്ഞില്ല. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ കേസ് വാദിക്കുന്നതും ബി രാമന്‍പിള്ള ആണ്. എന്നാല്‍ കോടീശ്വരനായ ബിസിനസ്സുകാരന്‍ ബോബി ചെമ്മണ്ണൂരിന്റെ ജയില്‍പ്രവേശം തടയാന്‍ രാമന്‍പിള്ളയ്ക്കുമായില്ല.
14 ദിവസത്തേക്ക് റിമാന്‍ഡ് വിധിച്ചതോടെ കോടതിക്ക് അകത്തും പുറത്തും അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വിധി കേട്ട ബോബി ചെമ്മണ്ണൂര്‍ പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു.തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് ബോബിയെ കൊണ്ട് പോയി. പരിശോധനകള്‍ക്ക് ശേഷം കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കവേ ബോബി ചെമ്മണ്ണൂരിന്റെ ആരാധകരായ ഒരു കൂട്ടം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പോലീസ് വാഹനം ആള്‍ക്കൂട്ടം തടഞ്ഞു.
ഗുരുതര ആരോപണങ്ങളാണ് ബോചെ ആരാധകര്‍ ഉന്നയിക്കുന്നത്. ബോബി ചെമ്മണ്ണൂരിനെ കുത്തിപ്പിടിച്ച് ക്രൂരമായി ഒരു കൊലപാതകിയെ എന്ന പോലെയാണ് കൊണ്ട് പോയതെന്നും അദ്ദേഹം ബോധംകെട്ട് വീണെന്നും ഫാന്‍സ് ആരോപിക്കുന്നു. എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത് എന്നും ഇവര്‍ ചോദിക്കുന്നു. ഇത്രയും നേരത്തെ അദ്ദേഹം ഇരുട്ട് മുറിയിലിട്ടുവെന്നും ഇ്ങ്ങനെ കൊണ്ട് പോകാന്‍ പറ്റില്ലെന്നും പറഞ്ഞാണ് ഒരു കൂട്ടര്‍ ആരോപിക്കുന്നു. വൈദ്യപരിശോധന കൃത്യമായി നടന്നില്ലെന്നും കോടതി നിര്‍ദേശം പാലിക്കാതെ പോലീസ് ഗുണ്ടായിസം ആണ് നടന്നത് എന്നും ബോബി ഫാന്‍സ് പറയുന്നു.
”ജില്ലാ ആശുപത്രിയില്‍ കാണിച്ച ശേഷം കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ട് പോകാനാണ് കോടതി നിര്‍ദേശം നല്‍കിയത്. ആ നിര്‍ദേശം നടപ്പാക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹത്തെ കൊണ്ട് വന്നത്. ഡോക്ടറുടെ മുറിയിലേക്ക് ഒരു സുഹൃത്തിനെയോ അഭിഭാഷകനെയോ കയറ്റിയില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നില്ല. നെഞ്ച് വേദനയുമായി വന്ന ഒരു രോഗിയെ ഇരുട്ട് നിറഞ്ഞ റൂമിലിട്ട് പൂട്ടി. ചോദ്യം ചെയ്തവരെ പോലീസ് ഭീഷണിപ്പെടുത്തി. ഇനി കേസെടുക്കുമോ എന്ന് അറിയില്ല”, ബോബി ചെമ്മണ്ണൂരിന്റെ അനുകൂലികളിലൊരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.