കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ പേരാണ് ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത്. നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. 14 ദിവസത്തേക്ക് ബോബിയെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.
നാളെ അപ്പീല്‍ നല്‍കുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുളളത്. സ്വര്‍ണക്കച്ചവടം മുതല്‍ ചിട്ടി വരെയുളള വമ്പന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപനായ ബോബി ചെമ്മണ്ണൂര്‍ ഈ രാത്രി എന്തായാലും കാക്കനാട് ജില്ലാ ജയിലില്‍ ചിലവഴിക്കേണ്ടി വരും. കോടികളുടെ സ്വത്തിന് ഉടമയായ ബോബി ചെമ്മണ്ണൂരിനെ കുറിച്ച് കൂടുതല്‍ അറിയാം.
ചെമ്മണ്ണൂര്‍ ഇന്റര്‍നാണഷല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ ബോബി ചെമ്മണ്ണൂര്‍ അഥവാ ബോചെയുടെ യഥാര്‍ത്ഥ പേര് ചെമ്മണ്ണൂര്‍ ദേവസിക്കുട്ടി ബോബി എന്നാണ്. 1964ല്‍ തൃശൂരിലെ അറിയപ്പെടുന്ന സ്വര്‍ണവ്യാപാരി കുടുംബമായ ചെമ്മണ്ണൂര്‍ കുടുംബത്തില്‍ ആണ് ജനനം. ഇനാശു ദേവസിക്കുട്ടിയുടേയും സിസിലി ദേവസിക്കുട്ടിയുടേയും രണ്ടാണ്‍മക്കളില്‍ ഒരാള്‍. തൃശൂരിലെ ചിന്മയ വിദ്യാലയത്തിലും വിമല കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ചെമ്മണ്ണൂര്‍ കുടുംബത്തിന്റെ സ്വര്‍ണ വ്യാപാരത്തിന്റെ ഭാഗമായി ബോബി മാറിയിരുന്നു. 1980കളിലാണ് കുടുംബ ബിസിനസ്സിന്റെ ചുമതല ബോബി ഏറ്റെടുക്കുന്നത്. പിന്നീടത് സ്വര്‍ണം മുതല്‍ റിയല്‍ എസ്റ്റേറ്റും ടൂറിസവും അടക്കം വിവിധ മേഖലകളിലേക്ക് പടര്‍ന്ന് പന്തലിച്ചു. തന്റേതായ രീതിയില്‍ ആധുനികമായ രീതികള്‍ വ്യാപാരത്തിലും മാര്‍ക്കറ്റിംഗിലും അടക്കം ബോബി കൊണ്ട് വന്നതോടെ ചെമ്മണ്ണൂര്‍ ഗ്രൂപ്പ് കേരളത്തില്‍ നിന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് വരെ വളര്‍ന്നു.
ആതുര സേവന രംഗത്തും ബോബി ചെമ്മണ്ണൂര്‍ സജീവമാണ്. ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ആണ് ജീവകാരുണ്യ പ്രവര്‍ത്തികള്‍. സ്വര്‍ണവ്യാപാരം മുതല്‍ റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ചിട്ടി, തേയില അടക്കം നിരവധി ബിസിനസ്സ് സംരംഭങ്ങള്‍ ബോബി ചെമ്മണ്ണൂരിന്റേതായിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ സ്വത്ത് വിവരങ്ങള്‍ ഔദ്യോഗികമായി ലഭ്യമല്ല. എങ്കിലും 700-800 കോടിയുടെ സ്വത്ത് ബോബി ചെമ്മണ്ണൂരിന് സ്വന്തമായിട്ടുണ്ടെന്നാണ് വിവരം.
മാത്രമല്ല ആഢംബര കാറുകളുടെ വലിയ കളക്ഷനും ബോബി ചെമ്മണ്ണൂരിനുണ്ട്. ബോബിയുടെ സ്വര്‍ണ നിറത്തിലുളള റോള്‍സ് റോയ്‌സ് ഫാന്റം VII പ്രശസ്തമാണ്. ബോബി ടൂര്‍സ് ആന്റ് ട്രാവല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഈ കാര്‍ ലക്ഷ്വറി ടാക്‌സി ആയിട്ടാണ് ഉപയോഗിക്കുന്നത്. അതായത് ഈ കാറില്‍ യാത്ര ചെയ്യണമെങ്കില്‍ രൂപ 25000 ദിവസവാടകയായി എണ്ണിക്കൊടുക്കണം.
ഡിസി അവന്തി, ഫോര്‍ഡ് എഫ് 650 സൂപ്പര്‍ ട്രക്ക്, മെര്‍സിഡസ് ബെന്‍സ് ഇക്യുസി, റേഞ്ച് റോവര്‍ സ്‌പോര്‍ട്, റേഞ്ച് റോവര്‍ വെലാര്‍, ലെക്‌സസ് ആര്‍എസ്‌ക്350എച്ച് ഇങ്ങനെ പോകുന്നു ബോബി ചെമ്മണ്ണൂരിന്റെ ശേഖരത്തിലെ വാഹനങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബോബി ചെമ്മണ്ണൂരിന് വലിയൊരു ആരാധക വൃന്ദവും ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 16 മില്യണ്‍, ഫേസ്ബുക്കില്‍ 2.6 മില്യണ്‍ ഫോളോവേഴ്‌സും യൂട്യൂബ് ചാനലില്‍ 222കെ സബ്‌സ്‌ക്രൈബേഴ്‌സും ബോബി ചെമ്മണ്ണൂരിനുണ്ട്..