InternationalNews

നെതന്യാഹുവിന്റെ വസതിയില്‍ സ്‌ഫോടനം; സ്വകാര്യ വസതിയുടെ മുറ്റത്ത് പതിച്ച് പൊട്ടിത്തെറിച്ചത് രണ്ട് ഫ്ളാഷ് ബോംബുകള്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേര്‍ക്ക് ബോംബ് ആക്രമണം. വടക്കന്‍ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് രണ്ട് ഫ്ളാഷ് ബോംബുകള്‍ പ്രയോഗിച്ചത്. ഇവ വീടിന്റെ മുറ്റത്ത് വീണ് പൊട്ടിത്തെറിച്ചു. സംഭവ സമയത്ത് നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്‌ഫോടനത്തെത്തുടര്‍ന്ന് ജനറല്‍ സെക്യൂരിറ്റി സര്‍വീസും ഇസ്രായേല്‍ പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു, ഇത് ഗുരുതരമായ ആക്രമമാണ്.

ഗൗരവപൂര്‍ണമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് എക്‌സിലെ കുറിപ്പില്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയ പ്രതിരോധമന്ത്രി, ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ, ജുഡീഷ്യല്‍ ഏജന്‍സികളോടും ആവശ്യപ്പെട്ടു.

ആക്രമണത്തെ ഇസ്രയേല്‍ പ്രസിഡന്റ് ഹെര്‍സോഗും അപലപിച്ചു. രണ്ടു തവണയാണ് വീട് ആക്രമിക്കപ്പെട്ടതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കടലില്‍ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നതെങ്കിലും കൂടുതല്‍ അന്വേഷണത്തിലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ഇസ്രയേല്‍ സുരക്ഷാസേനയുെട രണ്ട് വിഭാഗങ്ങളാണ് ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്.രാഷ്ട്രീയ കക്ഷി ഭേദം കൂടാതെ എല്ലാവരും നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരേ നടന്ന ആക്രമണത്തെ അപലപിച്ചു.

കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപ്പിഡും ആവശ്യപ്പെട്ടു. ഇസ്രയേല്‍ പ്രസിഡന്റ് ഇസ്ഹാഖ് പെര്‍സോഗും സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ചു. കഴിഞ്ഞ മാസവും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു.

സെസറിയയിലെ വസതിക്ക് നേരെയാണ് ആക്രമണം നടന്നത്. നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് ആക്രമണം നടന്നത്.നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മൂന്നു ഡ്രോണുകളാണ് ഹിസ്ബുല്ല അന്ന് ഇസ്രായേലിലേക്ക് അയച്ചത്. ഇതില്‍ ഒന്നാണ് നെതന്യാഹുവിന്റെ വീടിനെ ലക്ഷ്യമാക്കിയത്. ഇസ്രായേലിന്റെ സൈനിക ഹെലികോപ്റ്ററിനൊപ്പം പറന്ന് അതിനെ മറികടന്നാണ് ഡ്രോണ്‍ ലക്ഷ്യത്തിലെത്തിയത്.

തന്നെയും ഭാര്യയേയും കൊല്ലാന്‍ ഇറാനും അവരുടെ സഹായം സ്വീകരിക്കുന്ന ഭീകര സംഘനകളും നടത്തുന്ന ശ്രമങ്ങള്‍ അവരുടെ ശവക്കുഴിയിലേക്കുളള മാര്‍ഗമാണെന്നും ബഞ്ചമിന്‍ നെതന്യാഹു അന്ന് പ്രഖ്യാപിച്ചിരുന്നു. കനത്ത സുരക്ഷാ ഭീഷണികള്‍ക്കിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിയുന്നത് ബങ്കറിലെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനു താഴെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗര്‍ഭ അറയിലാണ് അദ്ദേഹം ദൈനംദിന യോഗങ്ങള്‍ ഉള്‍പ്പെടെ ചേരുന്നതെന്ന് ഇസ്രായേല്‍ മാധ്യമമായ ‘ചാനല്‍ 12’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ ആക്രമണ ഭീഷണികള്‍ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണു നടപടി.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുകള്‍ നിലയിലുള്ള മുറിയിലാണു സാധാരണ യോഗങ്ങള്‍ ചേരാറുള്ളത്. ഇതാണിപ്പോള്‍ ഭൂഗര്‍ഭ മുറിയിലേക്കു മാറ്റിയിരിക്കുന്നതെന്ന് ‘ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഓഫിസിലുണ്ടാകുമ്പോള്‍ ഭൂരിഭാഗം സമയവും നെതന്യാഹു ഇവിടെത്തന്നെയാണു കഴിയുന്നതെന്നാണു വിവരം. ഇവിടെ സുരക്ഷ കൂട്ടുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ സമയം ഒരേ സ്ഥലത്ത് കഴിയരുതെന്നാണ് നെതന്യാഹുവിനോട് സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പലയിടങ്ങളിലായി മാറിമാറിക്കഴിയാനും നിര്‍ദേശമുണ്ട്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് മകന്‍ അവ്നെറിന്റെ വിവാഹവും നീട്ടിവയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതേകാര്യം ചൂണ്ടിക്കാട്ടി അഴിമതിക്കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള ദിവസം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അഭിഭാഷകസംഘം ജറൂസലം ജില്ലാ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ തിരക്കില്‍ നിയമവിഷയത്തില്‍ തയാറാകാനുള്ള സമയം കിട്ടിയില്ലെന്നും ഹരജിയില്‍ വാദിക്കുന്നുണ്ട്.

ഒക്ടോബര്‍ 25ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയിരുന്നു. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി മുന്നില്‍കണ്ടായിരുന്നു നീക്കം. ആക്രമണസമയത്തെല്ലാം ഭൂഗര്‍ഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ, കഴിഞ്ഞ ഒക്ടോബര്‍ ആദ്യത്തില്‍ ഇസ്രായേല്‍ തീരനഗരമായ സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷവും ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍-റോക്കറ്റ് ആക്രമണങ്ങള്‍ തുടരുകയാണ്. തെല്‍ അവീവിലെ സൈനിക താവളങ്ങളും പ്രധാന വിമാനത്താവളം ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍ ആക്രമണവും നടന്നിരുന്നു. ഏതുസമയവും ഇറാന്റെ പ്രത്യാക്രമണവും ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഒക്ടോബര്‍ 13നായിരുന്നു സീസറിയയില്‍ ഹിസ്ബുല്ലയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ലബനാനില്‍നിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകള്‍ നെതന്യാഹുവിന്റെ വസതിയിലെത്തിയത്. ഈ സമയത്ത് നഗരത്തിലെ അപായ സൈറണുകളെല്ലാം പ്രവര്‍ത്തനരഹിതമായിരുന്നു. നെതന്യാഹുവിന്റെ വസതി ആക്രമിക്കപ്പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മണിക്കൂറുകള്‍ക്കകം സ്ഥിരീകരിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker