![](https://breakingkerala.com/wp-content/uploads/2025/02/prajin-780x470.jpg)
തിരുവനന്തപുരം: കിളിയൂരിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് ദുർമന്ത്രവാദവുമായി ബന്ധമുണ്ടെന്നു വീട്ടുകാർ. മകൻ പ്രജിൻ ജോസിന്റെ(28) സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭർത്താവും കഴിഞ്ഞിരുന്നതെന്നും അമ്മ സുഷമകുമാരി പറഞ്ഞു.
കിളിയൂർ ചരവുവിള ബംഗ്ലാവിൽ ജോസാ(70)ണ് കൊല്ലപ്പെട്ടത്. ഹാളിലെ സോഫയിൽ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോസിനെ അടുക്കളയിൽവെച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കൊലപാതകം.
വീട്ടിലെ രണ്ടാംനിലയിലെ മുറിയിൽ നിഗൂഢമായ ജീവിതമാണ് പ്രജിൻ നയിച്ചത്. ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാത്തതിലെ വിഷമവും മകനുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. തുടർന്ന് വീട്ടിൽ വെറുതേ കഴിയുന്നതിനിടയിലാണ് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയിൽ സിനിമാപഠനത്തിനു പോയത്. ഇതിനു ശേഷമാണ് പ്രജിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. ഇതിനു ശേഷം പള്ളിയിൽ പോകാൻ മടികാട്ടാറുണ്ട്. എപ്പോഴും മുറിയടച്ചിരിക്കുന്നതു പതിവാക്കിയിരുന്നു. മുറിയിലേക്ക് ആർക്കും പ്രവേശനമില്ലായിരുന്നു.
ചിലപ്പോഴൊക്കെ രാത്രിയിൽ വാഹനമെടുത്ത് പുറത്തുപോകുന്ന പ്രജിൻ, മണിക്കൂറുകൾ കഴിഞ്ഞാണ് മടങ്ങിവന്നിരുന്നത്. ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ മർദനവും പതിവായിരുന്നു. ഇക്കാരണത്താൽ പ്രജിന്റെ മുറിയിൽ എന്താണു നടക്കുന്നതെന്നുള്ള ഒരു വിവരവും തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു.
കൊലപാതകത്തിനു ദിവസങ്ങൾക്കു മുൻപ് പ്രജിൻ ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂർണമായി നീക്കംചെയ്ത് മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ചിരുന്നു.
സാത്താൻ സേവ പോലുള്ള ആഭിചാരകർമങ്ങളിൽ മകൻ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള സംശയമുണ്ടെന്നും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് പരിഹാരം കണ്ടെത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. നെയ്യാറ്റിൻകര തൊഴുക്കൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്ന് വെള്ളറട പോലീസ് പറഞ്ഞു.