KeralaNews

കേരളത്തില്‍ 3 സീറ്റ് ബിജെപി നേടും, തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്; തൃശൂര്‍ എല്‍.ഡി.എഫ്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അമ്പരപ്പിക്കുമെന്ന് ഇന്ത്യ ടിവി സിഎന്‍എക്‌സ് സര്‍വേ. ഇത്തവണ മൂന്ന് സീറ്റുകള്‍ വരെ ബിജെപി സംസ്ഥാനത്ത് നേടുമെന്നാണ് പ്രവചനം. അതേസമയം സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തന്നെ ആധിപത്യം നേടുമെന്നും സര്‍വേ പറയുന്നു. പതിനൊന്ന് സീറ്റുകള്‍ യുഡിഎഫ് നേടും.

ബാക്കിയുള്ള സീറ്റുകളില്‍ എല്‍ഡിഎഫിന് ആധിപത്യമുണ്ടാവും. തിരുവനന്തപുരത്താണ് ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നതെന്ന് സര്‍വേ പറയുന്നു. ബിജെപിയുടെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ കോണ്‍ഗ്രസ് എളുപ്പത്തില്‍ വിജയിക്കും. മലപ്പുറത്ത് മുസ്ലീം ലീഗിനായിരിക്കും ആധിപത്യമെന്നും സര്‍വേയില്‍ പറയുന്നു. എന്നാല്‍ ത്രികോണ പോരാട്ടം നടക്കുന്ന തൃശൂരില്‍ എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നുണ്ടെന്നും ഇന്ത്യ ടിവി സര്‍വേ പറയുന്നു. ബിജെപി ഇത്തവണ വിജയം ഏകദേശം ഉറപ്പിച്ചിരിക്കുന്ന മണ്ഡലമാണിത്.

സുരേഷ് ഗോപിക്ക് വ്യക്തിപരമായ വോട്ടുകള്‍ കൂടി പിടിക്കാനാവുമെന്നണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത്തവണ അതിക്തമായ പ്രചാരണവുമാണ് തൃശൂര്‍ മണ്ഡലത്തില്‍ നടക്കുന്നത്. എല്‍ഡിഎഫ് ഇത്തവണ ആറ് സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

അതേസമയം തമിഴ്‌നാട്ടില്‍ ബിജെപി ഇത്തവണ എല്ലാവരെയും ഞെട്ടിക്കുമെന്നും സര്‍വേയിലുണ്ട്. നാല് സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുമെന്ന് സര്‍വേ പറയുന്നു. പുതുച്ചേരിയിലെ ഏക സീറ്റിലും വിജയം ബിജെപിക്കൊപ്പം നില്‍ക്കും. ഡിഎംകെയുമായോ അണ്ണാഡിഎംകെയുമായോ സഖ്യമൊന്നുമില്ലാതെ തന്നെ ബിജെപി പ്രകടനം മെച്ചപ്പെടുത്തുമെന്നും സര്‍വേ പറയുന്നു.

നിലവില്‍ മോദി ഇന്ന് തമിഴ്‌നാട്ടിലെത്തി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനിടെ മോദിയുടെ നാലാമത്തെ വരവാണിത്. എന്നാല്‍ സഖ്യമൊന്നുമില്ലാതെ ബിജെപി സംസ്ഥാനത്ത് കുറച്ച് പ്രതിസന്ധിയിലാണ്. വമ്പന്‍ പാര്‍ട്ടികളൊന്നും ബിജെപിക്കൊപ്പം ചേര്‍ന്നിട്ടില്ല.

ദക്ഷിണേന്ത്യയില്‍ ഇന്ത്യ സഖ്യം തന്നെ ആധിപത്യം പുലര്‍ത്തുന്നുവെന്നും സര്‍വേ പറയുന്നു. ആകെയുള്ള 130 സീറ്റുകളില്‍ ഇന്ത്യ സഖ്യം 60 സീറ്റുകള്‍ വരെ നേടും. എന്‍ഡിഎ സഖ്യം 38 സീറ്റുകള്‍ വരെയും നേടും. ഇതിലൊന്നും വരാത്ത വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, അണ്ണാഡിഎംകെ, മജ്‌ലിസ് പാര്‍ട്ടി എന്നിവര്‍ ബാക്കിയുള്ള 32 സീറ്റുകളും നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

കര്‍ണാടകയില്‍ ബിജെപി 22 സീറ്റ് വരെ നേടിയും. ജെഡിഎസ് രണ്ട് സീറ്റും കോണ്‍ഗ്രസ് നാലും സീറ്റും നേടും. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 15 സീറ്റും ടിഡിപി 10 സീറ്റും നേടും. തെലങ്കാനയില്‍ കോണ്‍ഗ്രസ് 9 സീറ്റും, ബിജെപി അഞ്ച് സീറ്റും ബിആര്‍എസ് രണ്ടും മജ്‌ലിസ് പാര്‍ട്ടി ഒരു സീറ്റും നേടുമെന്നും സര്‍വേയില്‍ പ്രവചനമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button