തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായ കനത്ത തിരിച്ചടിക്ക് കാരണം ബിജെപിയുടെ വളർച്ചയെന്ന വിലയിരുത്തലിൽ സിപിഎം. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ പോലും ചോരാൻ കാരണം ബിജെപിയുടെ വളർച്ച ആണെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നത്.
ഈ കണ്ടെത്തലിനെ റിപ്പോർട്ട് സാധൂകരിക്കുന്നത് ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സിപിഎം കോട്ടകളിൽ ഉണ്ടായ അടിയൊഴുക്കി ചൂണ്ടിക്കാട്ടിയാണ്. ഈ രണ്ടിടത്തും പാർട്ടിക്ക് ഉറപ്പായ കിട്ടേണ്ട അടിസ്ഥാന വോട്ടുകൾ പോലും ബിജെപിയിലേക്കാണ് പോയതെന്ന് അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. ആറ്റിങ്ങലിൽ വി ജോയ് കുറഞ്ഞ വോട്ടുകൾക്കായിരുന്നു തോൽവി ഏറ്റുവാങ്ങിയത്.
മണ്ഡലത്തിലെ സിറ്റിങ് എംപി ആയിരുന്ന അടൂർ പ്രകാശ് കേവലം 684 വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. ഇതോടെയാണ് മണ്ഡലത്തിലെ പരമ്പരാഗത സിപിഎം വോട്ടുകൾ പോലും ബിജെപിയിലേക്ക് പോയെന്ന് കേന്ദ്രകമ്മിറ്റി പറയുന്നത്. ഹിന്ദു വികാരവും ജാതി സ്വാധീനവും പല മണ്ഡലങ്ങളിലും ഒരുപരിധി വരെ ഇടത് വോട്ടിന്റെ അടിത്തറയെ കാര്യമായി ബാധിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബിജെപിയെ ഇനിയും എഴുതി തള്ളാൻ കഴിയില്ലെന്ന മുന്നറിയിപ്പും റിപ്പോർട്ട് പറഞ്ഞുവയ്ക്കുന്നു. ബിജെപി-സംഘപരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ പാർട്ടി കാര്യമായ ശ്രദ്ധ കൊടുത്തില്ലെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. എന്നാൽ മുൻഗണനയോടെ ഏറ്റെടുക്കേണ്ട വിഷയമാണതെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നു.
തൃശൂരിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണ സുരേഷ് ഗോപിക്ക് ലഭിച്ചുവെന്നാണ് സിപിഎം വിലയിരുത്തൽ. കൂടാതെ എസ്എൻഡിപി യോഗത്തിനെ റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. എസ്എൻഡിപി ബിജെപിയെ സഹായിച്ചു എന്നാണ് സിപിഎം ആരോപണം. ബിജെപി വിജയത്തിൽ എസ്എൻഡിപിയുടെ ദുരൂഹ പങ്ക് പുറത്തുകൊണ്ടുവരാൻ പാർട്ടി മുൻകൈ എടുക്കണമെന്നും നിർദ്ദേശമുണ്ട്.
മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള കേഡർമാരുടെ ധാർഷ്ട്യവും മോശം പെരുമാറ്റവും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന നിരീക്ഷണവും തിരഞ്ഞെടുപ്പ് അവലോകന യോഗം നടത്തുന്നുണ്ട്. സിപിഎം ജില്ലാ കമ്മിറ്റികളിൽ നിന്ന് ഉയർന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് കേന്ദ്രകമ്മിറ്റിയുടെ നിരീക്ഷണവും.
എന്നാൽ ഈ നിരീക്ഷണം വിരൽ ചൂണ്ടുന്നത് പിണറായി വിജയനിലേക്കാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. വിവിധ ജില്ലാ കമ്മിറ്റികളിൽ നിന്ന് മുഖ്യമന്ത്രിയുടെ ഇടപെടലും രീതിയും ജനങ്ങൾക്ക് ഇടയിൽ തെറ്റായ പ്രതിച്ഛായ ഉണ്ടാക്കി എന്ന ആരോപണം ഉയർന്നിരുന്നു. സംസ്ഥാന കമ്മിറ്റിയിലും ചില നേതാക്കൾ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്ര കമ്മിറ്റിയും അതിനെ ശരിവെക്കുമ്പോൾ അത് പിണറായിക്കെതിരെയുള്ള വിമർശനമാണോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.