‘കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നും മാറ്റണം’ ചീഫ് സെക്രട്ടറിയെ കണ്ട് ബിജു പ്രഭാകർ
തിരുവനന്തപുരം∙ കെഎസ്ആർടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ കണ്ടു. ഗതാഗത വകുപ്പിന്റെ ചുമതലയുള്ളതിനാൽ സിഎംഡി സ്ഥാനത്തേക്കു മാത്രമായി ഒരാളെ നിയമിക്കണമെന്നാണു ബിജു പ്രഭാകറിന്റെ ആവശ്യം.
20നു മുൻപു ജീവനക്കാർക്കു ശമ്പളം നൽകിയില്ലെങ്കിൽ സിഎംഡി നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. ധനവകുപ്പു പണം കൃത്യമായി അനുവദിക്കാത്തതിനാൽ ഈ മാസത്തെ ശമ്പള വിതരണം മുടങ്ങിയിരിക്കുകയാണ്. 30 കോടിരൂപയാണു ശമ്പളത്തിനായി ധനവകുപ്പു നൽകുന്നത്. ആദ്യഗഡു മാത്രമാണ് ഇന്നലെ നൽകാനായത്. സാധാരണ അഞ്ചാം തിയതിയാണ് ആദ്യഗഡു നൽകുന്നത്. ധനവകുപ്പു നൽകിയ പണം ആദ്യഗഡു നൽകാനേ തികയു എന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു.
ഇന്നലെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ബിജുപ്രഭാകറിന്റെ വീട്ടിലേക്കു മാർച്ച് നടത്തിയിരുന്നു. ശമ്പള വിതരണത്തിനു തടസ്സങ്ങളുള്ളതിനാൽ സ്ഥാനത്തുനിന്നു തന്നെ ഒഴിവാക്കണമെന്ന് ബിജു പ്രഭാകർ ഗതാഗതമന്ത്രി ആന്റണി രാജുവിനോട് അഭ്യർഥിച്ചിരുന്നു. മുഖ്യമന്ത്രി നൽകിയ ഉറപ്പ് ധനവകുപ്പ് അട്ടിമറിക്കുന്നതായി കെഎസ്ആർടിസി പറയുന്നു. ഗതാഗതമന്ത്രിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
അഞ്ചിനു മുൻപ് ശമ്പളം മുഴുവൻ കൊടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. പിന്നീട് ആദ്യ ഗഡു അഞ്ചിനും രണ്ടാമത്തെ ഗഡു 15ന് ഉള്ളിലും നൽകാമെന്ന ധാരണയിലെത്തി. ഇതും നടപ്പിലായില്ല. 225 കോടിരൂപയുടെ വരുമാനം കഴിഞ്ഞമാസം ലഭിച്ചെങ്കിലും സ്ഥാപനത്തിനു ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ്. ശമ്പളം ലഭിച്ചില്ലെങ്കിൽ ജോലിക്കെത്തില്ലെന്ന നിലപാടിലേക്കു യൂണിയനുകൾ എത്തുകയാണ്.
സർക്കാർ ഈ നിലപാടു തുടർന്നാൽ ഓണത്തിനും ശമ്പളം ലഭിക്കില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് വൈകിട്ട് കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ സമൂഹമാധ്യമത്തിലൂടെ സിഎംഡി വിശദീകരിക്കും. രണ്ടുമാസത്തെ പെൻഷനും മുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച കേസ് 18നു ഹൈക്കോടതി പരിഗണിക്കും.