നെടുങ്കണ്ടം ∙ മാവടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. ഗൃഹനാഥനെ മുൻവൈരാഗ്യം മൂലം ആസൂത്രിതമായി വെടിവച്ചു കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 11.35ന് ഇന്ദിര നഗർ പ്ലാക്കൽ സണ്ണിയാണ് (57) വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മാവടി തകിടിയേൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
പ്രതികളിൽ ഒരാളായ ബിനുവിനെ ചാരായം വാറ്റിയ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള സജിയുടെ നിർദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയതെന്നാണ് വിവരം. ചാരായം വാറ്റുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ചോർത്തി നൽകിയത് സണ്ണിയാണെന്ന് പ്രതികൾ സംശയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ സംഘം ചേർന്ന് സണ്ണിയെ വെടിവച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെയും നെടുങ്കണ്ടം സിഐ ജർലിൻ വി.സ്കറിയയുടെയും നേതൃത്വത്തിൽ 50 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
പോസ്റ്റ്മോർട്ടത്തിൽ സണ്ണിയുടെ ശരീരത്തിൽനിന്നു നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരകൾ കണ്ടെത്തിയിരുന്നു. വീട്ടിൽ ഉറങ്ങുകയായിരുന്ന സണ്ണിയുടെ മുഖത്ത് അടുക്കളവാതിൽ തുളച്ചെത്തിയ തിര പതിക്കുകയായിരുന്നു. ഏലക്കാടുകളാൽ ചുറ്റപ്പെട്ട മേഖലയിലാണു വീടിരിക്കുന്നത്. നായാട്ടിനിടെ വെടിയുണ്ട സണ്ണിയുടെ മുഖത്ത് കൊണ്ടതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടെയാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
എറണാകുളത്തുനിന്നെത്തിയ ബാലിസ്റ്റിക് സംഘവും പ്രത്യേക ഫൊറൻസിക് സംഘവും വീട്ടിൽ പരിശോധന നടത്തിയപ്പോൾ അടുക്കള വാതിലിൽ തറച്ചു കയറിയ നിലയിൽ 5 തിരകൾ കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട സണ്ണിയുടെ നെറ്റിയിൽ തറച്ച നിലയിൽ കണ്ടെത്തിയത് നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്കു സമാനമായ ലോഹഭാഗമാണ്. ഇതോടെയാണു നായാട്ടുസംഘങ്ങൾക്കു സംഭവവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലേക്കു പൊലീസെത്തിയത്. മാവടി ഭാഗത്ത് കാട്ടുപന്നി, പ്രാവ്, മുയൽ എന്നിവയെ വേട്ടയാടാൻ പുറത്തുനിന്നു വരെ ആളുകൾ എത്താറുണ്ടെന്നു നാട്ടുകാർ വിവരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സജി, ബിനു, വിനീഷ് എന്നിവരെ കസ്റ്റഡിയിൽ എടുത്തത്.