തിരുവനന്തപുരം: സംഗീത സംവിധായകനും ഗായകനുമായ ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം ആസൂത്രിതമെന്ന് പിതാവ് അടക്കം വീട്ടുകാര്‍ ആരോപിക്കുമ്പോള്‍ അങ്ങനെ തോന്നിയിട്ടില്ലെന്ന് ഭാര്യ ലക്ഷ്മി. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി മനസുതുറന്നത്. ചാനല്‍ അഭിമുഖത്തിന്റെ പൂര്‍ണ രൂപമാണ് വൈകിട്ട് പുറത്തുവന്നത്.
അപകടത്തിനു പിന്നില്‍ ആരെങ്കിലുമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കില്‍ താന്‍ പ്രതികരിക്കുമായിരുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. താനുള്‍പ്പെടെ സഞ്ചരിച്ച ബാലഭാസ്‌കറിന്റെ കാര്‍ ആരും ആക്രമിച്ചിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. അപകട സമയത്ത് തനിക്ക് ബോധമുണ്ടായിരുന്നെന്ന് പറഞ്ഞ ലക്ഷ്മി സംഭവ ദിവസം കൃത്യമായി ഓര്‍ത്തെടുക്കുകയും ചെയ്തു.
അപകട ദിവസം വണ്ടിയോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ വാദം തെറ്റാണ്. അപകട ശേഷം ആശുപത്രിയിലെത്തിയ ബാലുവിന്റെ സുഹൃത്തുക്കളോട് അര്‍ജുന്‍ തെറ്റ് സമ്മതിച്ചിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറഞ്ഞ് കരഞ്ഞതായും ലക്ഷ്മി പറഞ്ഞു.
അര്‍ജുനെതിരെ മുന്‍പുണ്ടായിരുന്ന കേസുകള്‍ ബാലഭാസ്‌കറിനറിയാമായിരുന്നെന്ന് ലക്ഷ്മി പറഞ്ഞു. ഒരു കേസില്‍പെട്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്ന് അര്‍ജുന്‍ ബാലുവിനോട് പറഞ്ഞു. സഹായിക്കാമെന്ന് കരുതിയാണ് അര്‍ജുനെ ബാലു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ബാലുവിന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.
ബാലുവിന്റെ കുടുംബവുമായി വിവാഹം മുതല്‍ അകല്‍ച്ചയുണ്ടെന്ന് ലക്ഷ്മി പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് തന്നെ ബാലുവിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. ഒരു തവണ മാത്രമാണ് ബാലു തന്നെ വീട്ടില്‍ കൊണ്ടുപോയിട്ടുള്ളുവെന്നും ലക്ഷ്മി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണവും വിമര്‍ശനവും വിഷമിപ്പിക്കുന്നതായി അവര്‍ പറഞ്ഞു. സംഗീതത്തിനു വേണ്ടി മാത്രം ജീവിച്ച ബാലു വിവാദങ്ങളുടെ കേന്ദ്രമായി. അതാണ് വേദനിപ്പിച്ചതെന്നും ലക്ഷ്മി പറഞ്ഞു. ബാലുവിന്റെ മരണത്തില്‍ സംശയം ഉന്നയിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ടാണ് അവര്‍ പരാതി നല്‍കിയതും നിയമപോരാട്ടത്തിന് പോയതും. അന്വേഷണങ്ങളോടെല്ലാം താന്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ചും സഹകരിച്ചെന്നും ലക്ഷ്മി പറഞ്ഞു.
ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ-
‘പലതവണ എന്റെ ബോധം വന്നു പോയിരുന്നുവെന്ന് പറയുന്നുണ്ട്. പക്ഷേ, അതൊന്നും എനിക്ക് ഓര്‍മ്മ ഉണ്ടായിരുന്നില്ല. എന്തെങ്കിലും ഓര്‍ത്ത് പറയാന്‍ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ച സമയത്ത് എന്റെ കൈയും കാലുമൊന്നും അനങ്ങുന്നുണ്ടായിരുന്നില്ല. എന്നോട് ആദ്യം നഴ്സുമാര്‍ പറഞ്ഞ മറുപടി എല്ലാവരും പുറത്തുണ്ട് എന്നാണ്. ബാലുവിനെയാണ് ആദ്യം ഞാന്‍ അന്വേഷിച്ചത്.പിന്നെ, ബ്രെയിന്‍ ഇഞ്ച്വറി ആയിരുന്നല്ലോ. അതുകൊണ്ടായിരിക്കാം, പാരലല്‍ വേള്‍ഡില്‍ ഞാന്‍ ബാലുവിനോട് സംസാരിക്കുന്നുണ്ടായിരുന്നു, കാണുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ലോകമുണ്ടായിരുന്നു. അങ്ങനെയെല്ലാം തോന്നി. മാസങ്ങളോളം അത് തുടര്‍ന്നു. ഒടുവില്‍ ഞാന്‍ തന്നെ പേടിക്കാന്‍ തുടങ്ങി.’
‘ഞങ്ങളുടെ വിവാഹ വാര്‍ഷികത്തിന് ബാലു ഒരു പോസ്റ്റിട്ടു, നോട്ടിഫിക്കേഷന്‍ കണ്ടിട്ട് ഞാന്‍ നോക്കിയപ്പോള്‍ എല്ലാവരും ആശംസ അറിയിച്ചിരിക്കുന്നു, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു അത്, നീ നല്ല ഒരു വൈഫാണ് എന്ന് ബാലു പറഞ്ഞു, അതില്‍ കൂടുതലൊന്നും എനിക്ക് ആരെയും ഇനി ഒന്നും ബോധിപ്പിക്കാനില്ലാ, എന്റെ കൂടെ ജീവിച്ചയാള്‍ എന്നെ പറ്റി നല്ലത് പറഞ്ഞതില്‍ അതില്‍ ഞാന്‍ സന്തോഷവതിയാണ്. ബാലുവും ഞാനും പലപ്പോഴും തര്‍ക്കിക്കും, പക്ഷെ ബാലു തന്നെ എന്നോട് പറയും നീ അത് വിട്ടുകളാ, ഞാന്‍ അപ്പോളത്തെ ദേഷ്യത്തില്‍ പറഞ്ഞതാണെന്ന്, ചിലപ്പോള്‍ ഒരു കാരണവും ഇല്ലാതെ തന്നെ ബാലു എന്നോട് മാപ്പ് പറയും’ ലക്ഷ്മി പറയുന്നു.’
താനൊരു സാധാരണക്കാരിയാണെന്നും ഒരാള്‍ക്ക് ഭീഷണിപ്പെടുത്തിയോ സമ്മര്‍ദം ചെലുത്തിയോ ഒന്നും പറയിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. തനിക്കൊന്നും നോക്കാനില്ലെന്നും ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുഖം മാത്രം ആലോചിച്ചാല്‍ മതിയെന്നും അവര്‍ വ്യക്തമാക്കി. ‘രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഒന്ന് സിബിഐയുടെ രണ്ടാം ഘട്ട മൊഴിയെടുക്കലൊക്കെ കഴിഞ്ഞു. അതിന്റെ ഫൈനല്‍ സംഭവങ്ങളറിയില്ല. പിന്നെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ലല്ലോ.ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ലീഗല്‍ റെക്കോര്‍ഡിലുള്ളതാണ്. പക്ഷേ ബാലുവിനെ സ്നേഹിക്കുന്നവര്‍ക്ക് ഞാനത് പറഞ്ഞ് കേള്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അവരുടെ മുന്നിലല്ലല്ലോ ഞാനത് പറഞ്ഞത്. ഇപ്പോള്‍ എനിക്ക് തോന്നി ഞാന്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ പറയണമെന്ന്. ഞാന്‍ പറയുന്നത് എല്ലാവരും വിശ്വസിക്കില്ലെന്ന് എനിക്കറിയാം. വിവാദങ്ങളുണ്ടാക്കുന്നവര്‍ ഇനിയും ഉണ്ടാക്കും.പക്ഷേ ഞാന്‍ പറയുന്നത് വിശ്വസിക്കുന്ന കുറച്ചുപേരുണ്ട് അവര്‍ക്ക് വേണ്ടിയാണ് പറയുന്നത്.’- ലക്ഷ്മി പറഞ്ഞു.
പള്ളിപ്പുറത്ത് ദേശീയപാതയോരത്തെ തണല്‍മരത്തിലേക്ക് 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ കാറിടിച്ചുകയറിയാണ് ബാലഭാസ്‌കറും മകളും മരിച്ചത്. ആറുവര്‍ഷമായിട്ടും ബാലുവിന്റെ മരണത്തിനു പിന്നിലെ നിഗൂഢത ഇന്നും അവശേഷിക്കുകയാണ്. ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.സ്വാഭാവിക കാറപകടമെന്ന് പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും എഴുതിത്തള്ളിയെങ്കിലും, പിതാവ് കെ.സി. ഉണ്ണി ഹൈക്കോടതിയെ സമീപിച്ച്, മരണത്തിന് സ്വര്‍ണക്കടത്തുമായോ അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കാന്‍ ഉത്തരവുനേടി. തുടക്കത്തില്‍ സാധാരണ കാറപകടമെന്നായിരുന്നു കരുതിയത്.