ബെംഗളൂരു: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രൻ ഇപ്പോൾ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയത്.
അന്ന് രാജ്യം വിടുന്നതിന് തടസ്സമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതിൽ വ്യക്തതയില്ല. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഇന്നത്തെ എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗിൽ ബൈജു രവീന്ദ്രൻ പങ്കെടുക്കില്ല. ഓൺലൈനായാണ് ഇന്ന് ഇജിഎം നടക്കുക. ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്‍റെ പാരന്‍റ് കമ്പനിയിൽ 30% ഓഹരിയുള്ള നിക്ഷേപകരാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ വോട്ടിനിട്ട് നീക്കുക എന്നതാണ് യോഗത്തിന്‍റെ ഒരു അജണ്ട.
സഹോദരൻ റിജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽ നാഥ് എന്നിവരെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കും. പുതിയൊരാളെ നിയമിക്കുന്നത് വരെ കമ്പനിക്ക് ഒരു ഇടക്കാല സിഇഒയെ കണ്ടെത്തും. ഇജിഎം നടന്ന് മുപ്പത് ദിവസത്തിനകം പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കും. ഇന്നത്തെ ഇജിഎമ്മിൽ എടുക്കുന്ന തീരുമാനങ്ങൾ അന്തിമ ഉത്തരവ് വരുന്നത് വരെ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഇജിഎം നടത്തുന്നതിന് തടസ്സമില്ലെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇജിഎം നിയമവിരുദ്ധമെന്ന് ബൈജൂസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. ബൈജു രവീന്ദ്രനടക്കമുള്ള ബോർഡ് മെമ്പർമാരില്ലാതെ നടക്കുന്ന ഇജിഎമ്മിൽ നടക്കുന്ന വോട്ടെടുപ്പ് നിയമപരമല്ല. ഇതിൽ എടുക്കുന്ന തീരുമാനങ്ങൾ കമ്പനികാര്യ നിയമം (2013) പ്രകാരം നിലനിൽക്കുന്നതല്ല. കമ്പനിയുടെ തുടർപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള പുകമറ മാത്രമാണ് ഇന്നത്തെ യോഗമെന്നും ബൈജൂസ് വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.