അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം, നോര്‍വേയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
കോങ്സ്ബെർഗ്: നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കോങ്സ്ബെർഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് അക്രമി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ 37കാരനായ ഡെൻമാർക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നും പോലീസ് അറിയിച്ചു.
കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാൾ ആൾക്കൂട്ടത്തിന് നേരെ അമ്പുകൾ ഉപയോഗിക്കുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടതായും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പോലീസ് പറയുന്നത്.
അമ്പും വില്ലും ഉപയോഗിച്ച് കണ്ണിൽകണ്ട എല്ലാവർക്കും നേരെ യുവാവ് ആക്രമണം നടത്തുകയായിരുന്നു. ആളുകൾ ജീവൻ രക്ഷിക്കാനായി തലങ്ങും വിലങ്ങും ഓടുന്നത് കണ്ടുവെന്ന് സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന സ്ത്രീ പറയുന്നു. കൈക്കുഞ്ഞുമായി ഒരു അമ്മ അക്രമിയെ പേടിച്ച് ഓടിയെന്നും അവർ പറഞ്ഞു./
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോൾ തന്നെ നഗരത്തിൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് പോലീസ് നിർദേശിച്ചു. സാധാരണഗതിയിൽ ഇത്തരം ആക്രമണങ്ങളുണ്ടാകാത്ത രാജ്യമായതിനാൽ നോർവേയിൽ പോലീസ് ആയുധങ്ങൾ കൈയിൽ കരുതാറില്ല. എന്നാൽ സംഭവത്തിന് ശേഷം രാജ്യത്ത് എല്ലാ പോലീസുകാർക്കും ആയുധങ്ങൾ കൈയിൽ കരുതാനുള്ള നിർദേശം നൽകി.