കാസര്‍കോട്: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഉദ്യാവറിലെ സയ്യിദ് മുഹമ്മദ് ബഷീറിനെയാണ് (41) കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ്-ഒന്ന് ജഡ്ജി എ. മനോജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ബന്ധുവായ പെണ്‍കുട്ടിയെ മൂന്നുവര്‍ഷം വിവിധ ദിവസങ്ങളിലായി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് വിധി. വിദേശത്ത് ജോലിയുണ്ടായിരുന്ന പ്രതി അവധിക്ക് നാട്ടിലെത്തിയ സമയത്താണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അച്ഛന്‍ ഉപേക്ഷിച്ച കുട്ടിയെ പഠിക്കാനും മറ്റും സാമ്പത്തികമായി സഹായിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ കുടുംബവുമായി ബന്ധം സ്ഥാപിച്ചത്.
2013 ഡിസംബര്‍മുതല്‍ 2014 ജൂണ്‍വരെയും 2014 ജൂലായിലെ പല ദിവസങ്ങളിലും 2016 മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുമുള്ള കാലത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. 12 വയസ്സുമുതല്‍ നേരിട്ട ദുരനുഭവം ആരോടും പറയാനാവാതെ പെണ്‍കുട്ടി മാനസിക സംഘര്‍ഷമനുഭവിക്കുകയും ഇതിന് ചികിത്സ തേടുകയും ചെയ്തതോടെയാണ് സംഭവം മറ്റുള്ളവര്‍ അറിഞ്ഞത്. തുടര്‍ന്ന് മഞ്ചേശ്വരം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷമാണ് കുട്ടി വിഷാദരോഗത്തിന് ചികിത്സ തേടിയത്.
വര്‍ഷങ്ങള്‍ നീണ്ട പീഡനപരമ്പര പുറത്തുവന്നതോടെ നിയമപരമായി മുന്നോട്ട് പോയ കുട്ടിയുടെ കുടുംബത്തെ സ്വാധിനീച്ച് മൊഴി മാറ്റിപ്പിച്ചിരുന്നു. അന്വേഷണസമയത്ത് പോലീസിനു മുന്നിലും ആദ്യം കോടതിയിലും പീഡനവിവരങ്ങള്‍ തുറന്നുപറഞ്ഞ കുട്ടിയെ പിന്നീട് പ്രതിയുമായി ബന്ധപ്പെട്ടവര്‍ സമീപിച്ച് മൊഴിമാറ്റിപ്പിച്ചതായാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ മറ്റു തെളിവുകളും രേഖകളും പ്രതിക്ക് എതിരായതോടെയാണ് കുറ്റക്കാരനെന്ന് വിധിച്ചത്.
16 സാക്ഷികളെ വിസ്തരിച്ച കേസില്‍ 20 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള പീഡനം, പ്രകൃതിവിരുദ്ധപീഡനം, പോക്സോ നിയമപ്രകാരം സംരക്ഷണം നല്‍കേണ്ട ബന്ധുതന്നെ പീഡിപ്പിക്കല്‍, 12 വയസ്സാകുന്നതിന് മുന്‍പുള്ള പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
മഞ്ചേശ്വരം എസ്.ഐ. ആയിരുന്ന സുഭാഷ് ചന്ദ്രന്‍ പ്രാഥമികവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടറായിരുന്ന ഇ. അനൂപ്കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ (പോക്സോ) പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.